കിയവ്: യുക്രെയ്ൻ സന്നദ്ധത അറിയിച്ച 30 ദിവസ വെടിനിർത്തലിൽ ചർച്ച ആരംഭിക്കുംമുമ്പ് അമേരിക്ക വിശദാംശങ്ങൾ പങ്കുവെക്കണമെന്ന് റഷ്യ. സൗദി അറേബ്യയിൽ യു.എസ്- യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ ചർച്ചകൾക്കു ശേഷം മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൂർണമായി കൈമാറണമെന്ന ആവശ്യം. വിഷയം റഷ്യയുമായി ചർച്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചു.
വെടിനിർത്തൽ നടപ്പാക്കാനായി വൈറ്റ് ഹൗസ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വരുംദിവസം മോസ്കോയിലേക്ക് തിരിക്കും. വെടിനിർത്തൽ സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുമെന്ന് യുക്രെയ്നും അറിയിച്ചിട്ടുണ്ട്. നിലവിൽ, യുക്രെയ്ൻ സൈനികമായി കൂടുതൽ തളരുകയും കുർസ്കിലുൾപ്പെടെ റഷ്യ മുന്നേറ്റം ശക്തിയാക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിന് വ്ലാദിമിർ പുടിൻ വലിയ താൽപര്യം കാട്ടില്ലെന്നാണ് സൂചന.
അതിനിടെ, യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അൽജീരിയയിലേക്ക് ഗോതമ്പ് കയറ്റുന്നതിനിടെ ഒഡേസ തുറമുഖത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാലുപേരും പ്രസിഡന്റ് സെലൻസ്കിയുടെ ജന്മനാടായ ക്രിവിഹ് റിഹിൽ ഒരു സ്ത്രീയുമാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാലുപേർ സിറിയക്കാരാണ്.
യുക്രെയ്ന് അമേരിക്ക നിർത്തിവെച്ച സൈനിക സഹായം പുനരാരംഭിച്ച ദിനത്തിലായിരുന്നു റഷ്യയുടെ കനത്ത ആക്രമണം. പോളണ്ടു വഴിയാണ് യുക്രെയ്നിലേക്ക് അമേരിക്ക ആയുധങ്ങൾ വീണ്ടും എത്തിച്ചുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.