കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി
ഓട്ടവ: യു.എസ് കുടിയേറ്റനയം കടുപ്പിച്ചതോടെ മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇന്ത്യയിലെ അടക്കമുള്ള ടെക് വിദഗ്ധർ. എച്ച്-1വൺ ബി വിസ ലഭിക്കാത്ത സാങ്കേതിക വിദഗ്ധരെ ആകർഷിക്കാനൊരുങ്ങുകയാണ് കാനഡ. മുമ്പ് എച്ച്-1ബി വിസയിൽ ജോലി ചെയ്തിരുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി അറിയിച്ചു. കനേഡിയൻ സർക്കാർ അവരുടെ കുടിയേറ്റ തന്ത്രം പുനപരിശോധിക്കുമ്പോൾ, ഇത്തരത്തിലുള്ള പ്രതിഭകളെ ഉൾക്കൊള്ളുന്നത് കണക്കിലെടുക്കുമെന്നും കാർണി ഉറപ്പുനൽകി.
എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ എക്സിക്യൂട്ടീവ് ഉത്തരവിൽ സമീപകാലത്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.
തുടർന്നാണ് ഉയർന്ന വൈദഗ്ധ്യമുള്ള ഐ.ടി ജീവനക്കാരെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പദ്ധതികൾക്ക് കനേഡിയൻ സർക്കാർ തീരുമാനിച്ചത്. യു.എസ് കൈയൊഴിയുന്ന ജീവനക്കാരെ സ്വീകരിക്കാൻ ജർമനിയും യു.കെയും തീരുമാനിച്ചിരുന്നു.
ലക്ഷം ഡോളറായി തുക ഉയർത്തി ഞെട്ടിച്ചതിന് പിറകെ, എച്ച്1ബി വിസ പദ്ധതിയിൽ വൻപരിഷ്കാരം വരുത്തുമെന്നും യു.എസ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് ആലോചിക്കുന്നത്. കൂടുതൽ വൈദഗ്ധ്യവും പരിചയസമ്പന്നരുമായവർക്ക് മുൻഗണന നൽകുന്ന രീതിയാണ് നടപ്പാക്കുക. അതിവിദഗ്ധരെ നാലു തവണ വിസക്കായി പരിഗണിക്കും. അല്ലാത്തവരെ ഒറ്റ തവണ മാത്രം പരിഗണിക്കുന്ന രീതിയിലാകും പുതിയ പരിഷ്കാരം.ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നെന്നാണ് സർക്കാർ നിരീക്ഷണം. ‘വെയ്റ്റഡ് സിലക്ഷൻ’ രീതിയുടെ ഭാഗമായി പുതിയ ശമ്പള വിഭാഗങ്ങൾ സൃഷ്ടിക്കും. ഏറ്റവും ഉയർന്ന ശമ്പളമുള്ളവരെ നാലു തവണ വിസക്കായി പരിഗണിക്കും. കുറഞ്ഞ വേതനമുള്ളവരെ ഒരു തവണയാകും പരിഗണിക്കുക. യു.എസ് സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് അടക്കം പരിഷ്കാരം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്1ബി വിസ. വിവരസാങ്കേതികവിദ്യ, എൻജിനീയറിങ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. മൂന്ന് വർഷത്തെ കാലാവധിയാണ് എച്ച്1ബി വിസക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ കിട്ടുന്നത് ഇന്ത്യക്കാർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.