ഫലസ്തീനിലെ യു.എൻ ഏജൻസിക്ക് ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ

ഒട്ടാവ: ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഫലസ്തീനികൾക്ക് ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും താമസ സൗകര്യവുമൊരുക്കുന്ന യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ യു.എൻ.ആർ.ഡബ്ല്യു.എയു​ടെ 13ഓളം ജീവനക്കാർ പ​ങ്കെടുത്തുവെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണത്തെ തുടർന്ന് കാനഡ അടക്കം നിരവധി രാജ്യങ്ങൾ ധനസഹായം നിർത്തലാക്കിയിരുന്നു.

എന്നാൽ, ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ഇസ്രായേലിന്റെ നുണപ്രചാരണമാണിതെന്ന് തുടക്കം മുതൽ ഏജൻസി വ്യക്തമാക്കിയിരുന്നു. 13,000 ജീവനക്കാർ തങ്ങൾക്ക് കീഴിലുണ്ടെന്നും അവരിൽ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തി​യെന്ന് തെളിയിച്ചാൽ ശക്തമായ നടപടി എടുക്കുമെന്നും യു.എൻ.ആർ.ഡബ്ല്യു.എ പറഞ്ഞു. ഇതിനായി ഏത് അന്വേഷണവും നേരിടാനും ഒരുക്കമാണെന്നും ഇവർ അറിയിച്ചിരുന്നു.

തുടർന്ന് യു.എൻ അന്വേഷണ കമീഷനെ നിയമിച്ചെങ്കിലും ആരോപണം സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാൻ ഇസ്രായേലിന് സാധിച്ചില്ല. കമീഷന്റെ ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനരാരംഭിക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കാനഡയിലെ സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ ആരോപണങ്ങളെക്കുറിച്ചുള്ള യുഎൻ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കനേഡിയൻ ഗവൺമെന്റ് ഫണ്ടിങ് പുനരാരംഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. തങ്ങളുടെ അവകാശവാദങ്ങൾ സാധൂകരിക്കുന്ന തെളിവ് നൽകുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് യുഎൻആർഡബ്ല്യുഎ മുമ്പ് പറഞ്ഞിരുന്നു.

കാനഡ ഏപ്രിലിൽ നൽകാമെന്നേറ്റ 25 മില്യൺ ഡോളർ നൽകുമെന്നും കൂടുതൽ ധനസഹായം പ്രഖ്യാപിക്കുമെന്നും സിബിസി ന്യൂസ് പറഞ്ഞു.

Tags:    
News Summary - Canada said to resume funding for UNRWA: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.