വാഷിങ്ടൺ: ഗസ്സയിൽ ഉടൻ വെടിനിർത്തണമെന്ന ആവശ്യവുമായി കാനഡയും ആസ്ട്രേലിയയും ന്യൂസിലാൻഡും. റഫയിൽ ശക്തമായ ആക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനിടെയാണ് മൂന്ന് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന. റഫയിൽ ഇസ്രായേൽ സൈനിക നടപടിയുമായി മുന്നോട്ടുപോയാൽ അത് വിനാശകരമായി മാറുമെന്ന് മൂന്ന് രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ മുന്നറിയിപ്പ് നൽകി.
ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന വംശഹത്യ കേസിൽ ജനുവരിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സാധാരണക്കാരെ സംരക്ഷിക്കാനും അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായങ്ങളും ഫലസ്തീന് നൽകാനും ഇസ്രായേലിനെ ബാധ്യസ്ഥരാക്കിയെന്ന് മൂന്ന് രാഷ്ട്രതലവൻമാരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം പൗരൻമാരെ സംരക്ഷിക്കുകയെന്നത് പരമപ്രധാനമായ ഒന്നാണെന്നും രാഷ്ട്രനേതാക്കൾ കൂട്ടിച്ചേർത്തു.
റഫക്ക് നേരെ കരയാക്രമണം കടുപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. റഫയിൽ നിന്നും ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് സുരക്ഷിതപാതയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു.
റഫയിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട ഈജിപ്തിന്റ ആകുലത സർക്കാർ ഗൗരവമായി കാണുന്നുവെന്ന് ഇസ്രായേൽ മന്ത്രി മിറി റെഗേവ് പറഞ്ഞിരുന്നു. ഈജിപ്തുമായി സംഭാഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.