പ്ലീസ്, പൈലറ്റുമാരെ കണ്ടെത്താൻ ആരെങ്കിലും സഹായിക്കുമോ? യു.എസിനെ ട്രോളി ഇറാൻ സ്പീക്കർ

തെഹ്റാൻ: ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനം തകർത്ത പോർവിമാനത്തിലെ പൈലറ്റിനുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നതിനിടെ യു.എസിനെ ട്രോളി ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്.

ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തുന്ന ആക്രമണത്തെ ‘തന്ത്രമില്ലാത്ത യുദ്ധം’എന്നാണ് ഗാലിബാഫ് വിശേഷിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എഫ് 15 ഉൾപ്പെടെ രണ്ടു പോർവിമാനങ്ങളും ഹെലികോപ്ടറുകളും ഇറാൻ വെടിവെച്ചിട്ടതിനു പിന്നാലെയാണ് സ്പീക്കറുടെ പരിഹാസം. ‘തുടര്‍ച്ചയായി 37 തവണ ഇറാനെ പരാജയപ്പെടുത്തിയ ശേഷമാണ് അവര്‍ ബ്രില്ല്യന്റായ ഈ ‘തന്ത്രമില്ലാത്ത യുദ്ധം’ ആരംഭിച്ചത്. ആദ്യം ലക്ഷ്യമിട്ട ഇറാനിലെ ഭരണകൂട മാറ്റത്തില്‍ നിന്നു ഞങ്ങളുടെ പൈലറ്റിനെ ആരെങ്കിലും കണ്ടെത്താൻ സഹായിക്കുമോ, പ്ലീസ് എന്ന ചോദ്യത്തിലേക്ക് അവര്‍ തരം താഴ്ത്തപ്പെട്ടിരിക്കുന്നു’ -ഗാലിബാഫ് എക്സ് കുറിപ്പിൽ ട്രോളി. ‘വൗ, എന്തൊരു അദ്ഭുതകരമായ പുരോഗതി. തികഞ്ഞ ബുദ്ധിശാലികള്‍ തന്നെ’ എന്ന് കൂടി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോർവിമാനങ്ങൾ തകർത്തെന്ന ഇറാൻ വാദത്തോട് അമേരിക്ക ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾക്കിടെയാണ് ഇറാന്‍റെ ശക്തമായി തിരിച്ചടി. യു.എസിന്‍റെ രണ്ടു അത്യാധുനിക യുദ്ധ വിമാനങ്ങളാണ് ഇറാൻ തങ്ങളുടെ വ്യോമമേഖലയിൽ വെടിവെച്ചിട്ടത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട മൂന്നു പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ രണ്ടുപേരെ ഇറാന്റെ ഭൂപ്രദേശത്ത് നിന്ന് യു.എസ് സ്‌പെഷൽ ഫോഴ്‌സ് കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ, ഒരു പൈലറ്റിനെ ഇതുവരെ കണ്ടെത്താനായില്ല.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ടു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ ആക്രമിച്ചു. എന്നാൽ, ഈ കോപ്ടറുകൾ ഇറാൻ വ്യോമാതിർത്തി കടന്ന് രക്ഷപ്പെട്ടതായി യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പൈലറ്റിനെ കണ്ടെത്താനായി മധ്യ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ അമേരിക്കൻ വിമാനങ്ങൾ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കറൂൺ നദിക്ക് മുകളിലുള്ള പാലത്തിന് സമീപം സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കാണാതായ പൈലറ്റിനായുള്ള യു.എസ് സേനയുടെ തിരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനിലെ സൈനിക ആക്രമണങ്ങൾ ഇസ്രയേൽ തത്കാലത്തേക്ക് നിർത്തിവെച്ചു.

ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം തുടങ്ങിയതു മുതൽ യു.എസിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്. അമേരിക്കയിൽ യുദ്ധത്തിനുള്ള പിന്തുണ കുറഞ്ഞുവരുന്നതിനിടെയാണ് തിരിച്ചടികളും. യുദ്ധത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളെ സംബന്ധിച്ച് ട്രംപ് ഭരണകൂടം വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. അതിനിടെ, യു.എസ് സുഹൃത്തു രാജ്യം വഴി 24 മണിക്കൂർ വെടിനിർത്തലിന് അഭ്യർഥിച്ചതായി ഇറാൻ അവകാശപ്പെട്ടു. രണ്ടു സീറ്റുള്ള അമേരിക്കയുടെ അഞ്ചാം തലമുറ F-15 സ്‌ട്രൈക്ക് ഈഗിൾ പോർവിമാനമാണ് വെള്ളിയാഴ്ച രാവിലെ ഇറാൻ റവലൂഷനറി ഗാർഡിന്‍റെ (ഐ.ആർ.ജി.സി) വ്യോമ പ്രതിരോധ സംവിധാനം തകർത്തത്.

പിന്നാലെ എ -10 വാർത്ത്‌ഹോഗ് പോർവിമാനവും ഇറാന്‍റെ തിരിച്ചടിയിൽ കുവൈത്തിൽ തകർന്നുവീണു.

Tags:    
News Summary - ‘Can anyone find our pilots? Please?’: Iran Speaker mocks US after fighter jet downed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.