ലണ്ടന്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അപമാനിച്ചുവിട്ട യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദമിർ സെലൻസ്കിക്ക് ബ്രിട്ടനിൽ ലഭിച്ചത് ഊഷ്മള സ്വീകരണം. സെലൻസ്കിയെ ആലിംഗനം ചെയ്താണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സ്വീകരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെത്തിയ സെലന്‍സ്‌കിയെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
ആർപ്പുവിളികളോടെ ജനക്കൂട്ടം സെലൻസ്കിയെ സ്വീകരിച്ചു. ‘നിങ്ങൾ പുറത്തെ തെരുവിൽ ആളുകളുടെ ആഹ്ലാദാരവം കേൾക്കുന്നില്ലേ, ബ്രിട്ടനിലുടനീളം നിങ്ങൾക്ക് പൂർണ പിന്തുണയുണ്ട്’ -സ്റ്റാർമർ സെലൻസ്കിയോട് പറഞ്ഞു. റഷ്യക്കെതിരേയുള്ള യുദ്ധത്തില്‍ യുക്രെയ്ന് പിന്തുണയും കെയര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തു.
യൂറോപ്യൻ രാജ്യങ്ങൾക്ക് അതൃപ്തി
സെലന്‍സ്‌കിയെ അപമാനിച്ചുവിട്ട അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ നടപടിയിൽ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സംഭവത്തിന് ശേഷം യൂറോപ്യൻ നേതാക്കൾ യുക്രെയ്നിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, സ്വന്തം രാജ്യത്തും സെലൻസ്കിക്ക് പിന്തുണ വർധിച്ചിട്ടുണ്ട്.
ട്രംപുമായുള്ള കൂടിക്കാഴ്ച വാഗ്വാദത്തിൽ അവസാനിച്ചതോടെ യു.എസുമായുള്ള കരാറിൽ ഒപ്പുവെക്കാതെയാണ് സെലൻസ്കി ബ്രിട്ടനിലേക്ക് പോയത്. യുദ്ധത്തിൽ യു.എസിന് ചെലവായ പണത്തിന് പകരമായി യുക്രെയ്ൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യു.എസുമായി പങ്കിടുന്ന കരാറിന്‍റെ കാര്യത്തിലാണ് തീരുമാനമാകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.