ദഹേഗ്: ഗസ്സയിലെ വംശഹത്യയിൽ ഇസ്രായേലിനെതിരായ കേസിൽ ദക്ഷിണാഫ്രിക്കക്കൊപ്പം ചേർന്ന് ബ്രസീലും. വെള്ളിയാഴ്ചയാണ് കേസിൽ ബ്രസീലും ചേർന്ന വിവരം ഹേഗിലെ അന്താരാഷ്ട്രനീതിന്യായ കോടതി സ്ഥിരീകരിച്ചത്. ആർട്ടിക്കൾ 63 പ്രകാരമാണ് ബ്രസീലിന്റെ നടപടി. ഇതുപ്രകാരം യു.എൻ അംഗങ്ങൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്ന കേസുകളിൽ ഇടപെടാൻ സാധിക്കും. 1948ലെ വംശഹത്യ കൺവെൻഷനിലെ ചട്ടങ്ങൾ ഇസ്രായേൽ ലംഘിച്ചുവെന്നാണ് ബ്രസീൽ ആരോപണം.
ബ്രസീൽ മാത്രമല്ല കേസിൽ ദക്ഷിണാഫ്രിക്കക്കൊപ്പം ചേർന്നിട്ടുള്ളത്. സ്പെയിൻ, അയർലാൻഡ്, മെക്സികോ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളും നേരത്തെ തന്നെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ കേസിൽ ചേർന്നിരുന്നു. ഇസ്രായേലിന്റെ വംശഹത്യ ഇതുവരെ ഗസ്സയിൽ 65,000ത്തോളം ഫലസ്തീനികളുടെ ജീവനാണെടുത്ത്. 2023 ഒക്ടോബറിൽ തുടങ്ങിയ വംശഹത്യ ഇപ്പോഴും നിർബാധം തുടരുകയാണ്.
വർഷങ്ങൾക്ക് ശേഷമായിരിക്കും കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്തിമ വിധി പുറത്തുവരിക. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ വംശഹത്യ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാനുഷികസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നുമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി.
എന്നാൽ, ഈ വിധിയൊന്നും വകവെക്കാതെ ഇസ്രായേൽ ഗസ്സയിൽ വംശഹത്യ തുടരുകയാണ്. യു.എസ് പോലുള്ള രാജ്യങ്ങൾ ഇസ്രായേൽ വംശഹത്യക്ക് ആയുധങ്ങൾ നൽകി സഹായിക്കുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ കേസിനെതിരെ രൂക്ഷമായ വിമർശനമാണ് യു.എസ് ഉന്നയിച്ചത്.
വാഷിങ്ടൺ: യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് യു.എസ് വിലക്ക്. സമ്മേളനത്തിൽ വിഡിയോ കോളിലൂടെ അദ്ദേഹം സംസാരിക്കും. അടുത്തയാഴ്ച നടക്കുന്ന യു.എൻ പൊതുസമ്മേളനത്തിൽ നിന്നാണ് മഹ്മൂദ് അബ്ബാസ് ഉൾപ്പടെയുള്ള 80 ഫലസ്തീൻ അതോറിറ്റി നേതാക്കളെ യു.എസ് വിലക്കിയത്.
യു.എസ് തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. 140 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. യു.എസും ഇസ്രായേലും ഉൾപ്പടെ അഞ്ച് രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. നേരത്തെ റെക്കോഡ് ചെയ്ത വിഡിയോ യു.എന്നിൽ സമർപ്പിക്കാനോ വിഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള അനുമതിയോ പ്രമേയം ഫലസ്തീന് നൽകുന്നുണ്ട്.
നിരവധി പാശ്ചാത്യരാജ്യങ്ങൾ സമ്മേളനത്തിന് മുമ്പായി ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. യു.കെ ഇന്ന് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് അബ്ബാസ് ഉൾപ്പടെയുള്ള ഫലസ്തീനിയൻ നേതാക്കളെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. യു.എസ് തീരുമാനം 1947ലെ യു.എൻ കരാറിന്റെ ലംഘനമാണെന്ന് വിമർശനം ഉയർന്നുവെങ്കിലും ഇത് അംഗീകരിക്കാൻ അവർ തയാറായിട്ടില്ല.
1947ലെ കരാർ പ്രകാരം യു.എൻ പൊതുസഭയിൽ പങ്കെടുക്കാനായി വിദേശപ്രതിനിധികൾക്ക് യു.എസ് വിസ അനുവദിക്കണം. ഇതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് വിമർശനം. സുരക്ഷാ, വിദേശനയം എന്നീ കാരണങ്ങൾ മൂലമാണ് ഫലസ്തീൻ അധികൃതർക്ക് വിസനിഷേധിച്ചതെന്നാണ് യു.എസ് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.