വെർജിൻ ഗലാക്റ്റിക്സിന്‍റെ സ്​പേസ്​ പ്ലെയിൻ

റിച്ചാര്‍ഡ് ബ്രാന്‍സണിന്‍റെ ബഹിരാകാശ യാത്ര വിജയകരം; ഇന്ത്യക്ക്​ അഭിമാനമായി ശിരിഷ ബാൻഡ്‌ല

ന്യൂ മെക്​സികോ: ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക് മേധാവിയുമായ റിച്ചാർഡ് ബ്രാൻസണിന്‍റെ നേതൃത്വത്തിൽ നടന്ന ബഹിരാകാശയാത്ര വിജയകരം. ബഹിരാകാശ ടൂറിസം രംഗത്ത് വലിയ നാഴികല്ലായി മാറും ഈ യാത്രയെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. വെർജിൻ ഗലാക്റ്റിക്കിന്‍റെ സ്പേസ് പ്ലെയിനായ വി.എസ്.എസ് യൂനിറ്റിയിലാണ്​ ബ്രാൻസണിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ദൗത്യം പൂർത്തീകരിച്ച് തിരികെ ലാൻഡ് ചെയ്തു. ആന്ധ്രയിലെ ഗുണ്ടൂരിൽ വേരുകളുള്ള ശിരിഷ ബാൻഡ്​ലയും സംഘത്തിലുണ്ടായിരുന്നത്​ ഇന്ത്യക്കും അഭിമാനമായി. വെർജിൻ ഗലാക്റ്റിക്സിന്‍റെ വൈസ്​ പ്രസിഡന്‍റ്​ (ഗവൺമെന്‍റ്​ അഫയേഴ്​സ്​ ആൻഡ്​ റിസർച്ച്​ ഓപറേഷൻസ്​)ആണ്​ 34കാരിയായ ശിരിഷ.

റിച്ചാർഡ് ബ്രാൻസണും സംഘവും ബഹിരാകാശത്തെ ഭാരമില്ലായ്മ ആസ്വദിക്കുന്നു

യു.എസിലെ ന്യൂ മെക്സിക്കോയിലുള്ള സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണു സംഘം യാത്ര തുടങ്ങിയത്. 71കാരനായ ബ്രാൻസണും ശിരിഷക്കും പുറമേ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെന്നറ്റ് എന്നിവരാണ്​ സംഘത്തിലുണ്ടായിരുന്നത്​. ഇന്ത്യൻ സമയം രാത്രി എട്ടിനാണ്​ സംഘം​ യാത്ര തിരിച്ചത്​. 53 മൈൽ (88 കിലോമീറ്റർ) ഉയരത്തിൽ എത്തി, 11 മിനിറ്റ്​ കാഴ്ചകൾ കണ്ട്​ സംഘം മടങ്ങി. നാല്​ മിനിറ്റോളം ബഹിരാകാശത്തെ ഭാരമില്ലായ്മ നേരിട്ട് അനുഭവിച്ച സംഘം, ഭൂമിയുടെ ഗോളാകൃതിയും കണ്ടറിഞ്ഞു.

ശിരിഷ ബാൻഡ്​ല

ഭൂമിയുടെ ഭ്രമണപഥത്തിലെത്താത്ത സബ് ഓർബിറ്റൽ ഫ്ലൈറ്റിലായിരുന്നു യാത്ര. 13 കിലോമീറ്റർ (ഏകദേശം എട്ടു മൈൽ) ഉയരത്തിൽ എത്തിയപ്പോൾ സ്പേസ് പ്ലെയിൻ വേർപെട്ടു. തുടർന്ന് റോക്കറ്റ് ഇന്ധനമുപയോഗിച്ച് മണിക്കൂറിൽ 6000 കി.മീ വേഗതയിലാണ് സ്പെയ്സ് പ്ലെയിൻ കുതിച്ചത്. 'അത്​ഭുതപ്പെടുത്തുന്നൊരു അനുഭവമായിരുന്നു അത്​. ജീവിതകാലയളവിൽ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട അനുഭവം. 17 വർഷത്തെ ഞങ്ങളുടെ പരിശ്രമമാണ്​ വിജയിച്ചത്​. വെർജിൻ ഗലാക്റ്റിക്സിന്‍റെ എല്ലാ ടീമംഗങ്ങൾക്കും നന്ദി' -ബഹിരാകാശയാത്രക്കുശേഷം റിച്ചാർഡ് ബ്രാൻസൺ പ്രതികരിച്ചു.

റിച്ചാർഡ്​ ബ്രാൻസൺ

2004ല്‍ ആണ് റിച്ചാർഡ്​ ബ്രാൻസൺ വെര്‍ജിന്‍ ഗാലക്റ്റിക്​ സ്ഥാപിച്ചത്. 2022 മുതല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര ആരംഭിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി 600ല്‍പ്പരം ടിക്കറ്റുകള്‍ ഇതുവരെ വിറ്റിട്ടുണ്ട്. 1.86 കോടി രൂപയാണ് (2.5 ലക്ഷം ഡോളര്‍) ഒരു സീറ്റിന്​ ഈടാക്കുന്നത്​.

Full View

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന് മുമ്പ്​ താന്‍ ബഹിരാകാശത്തേക്ക് പറക്കുമെന്ന് നേരത്തെ തന്നെ ബ്രാന്‍സണ്‍ വ്യക്തമാക്കിയിരുന്നു. സ്പേസ് എക്സ് സ്ഥാപകനായ ഇലോണ്‍ മസ്‌കിനൊപ്പമുള്ള ചിത്രവും ബ്രാന്‍സണ്‍ പങ്കുവെച്ചിരുന്നു. യാത്ര വിജയകരമായതോടെ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയായി ശിരിഷ. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ. 



 


Tags:    
News Summary - Billionaire Branson completes trip to space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.