പോളണ്ട് അതിർത്തിയിൽ വാഗ്നർ-ബെലറൂസ് സേനകളുടെ അഭ്യാസപ്രകടനം

മോസ്കോ: റഷ്യയിലെ വാഗ്നർ കൂലിപ്പട്ടാളവും ബെലറൂസ് സൈന്യവും ചേർന്ന് ബെലറൂസിന്റെ പോളണ്ട് അതിർത്തിയിൽ വ്യാഴാഴ്ച സംയുക്ത സൈനികാഭ്യാസ പ്രകടനം തുടങ്ങി. അതിർത്തി പട്ടണമായ ബ്രെസ്റ്റിനു സമീം നടക്കുന്ന ഒരാഴ്ചത്തെ അഭ്യാസപ്രകടനങ്ങളിൽ പ്രത്യേക സേനകൾ പങ്കെടുക്കുമെന്ന് ബെലറൂസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വാഗ്നർ കൂലിപ്പടയുടെ പോരാട്ട പരിചയം ബെലറൂസ് സേനയെ ആധുനീകരിക്കുന്നതിൽ സഹായകമാണെന്നും മന്ത്രാലയം അറിയിച്ചു. വാഗ്നർപട ബെലറൂസിൽ കുറച്ചു കാലം ചെലവഴിക്കുമെന്ന് പറയുന്ന വാഗ്നർ തലവൻ യെവ്ഗിനി പ്രിഗോഷിന്റെ വിഡിയോ ബുധനാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. ബെലറൂസ് സേനയെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തമായ സൈന്യമാക്കുന്നതിന് ഇത് സഹായിക്കുമെന്നും പ്രിഗോഷിൻ വിഡിയോയിൽ പറഞ്ഞു.

10,000ത്തോളം സൈനികരെ ബെലറൂസിൽ വിന്യസിക്കുമെന്നും പ്രിഗോഷിൻ അറിയിച്ചു. രണ്ടായിരത്തിലേറെ സൈനികരുൾപ്പെടുന്ന ഒമ്പതു വാഗ്നർ സൈനിക സംഘങ്ങൾ രാജ്യത്ത് പ്രവേശിച്ചതായി ബെലറൂസ് ആക്ടിവിസ്റ്റ് സംഘമായ ബെലറുസ്കി ഹജൂൻ അറിയിച്ചു.

വാഗ്നർപടയുടെ വരവ് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതും അയൽരാജ്യങ്ങൾക്ക് ഭീഷണിയുമാണെന്ന് ബെലറൂസ് പ്രതിപക്ഷനേതാവ് സ്വറ്റ്ലാന സിഖനൗസ്കായ പറഞ്ഞു. അപകടകാരികളായ വാഗ്നറിന്റെ പ്രവചനാതീത നടപടികൾ ഭീഷണിയാണെന്ന് പോളിഷ് പ്രതിരോധമന്ത്രി മാരിയുസ് ബ്ലാസ്‍സാക് പറഞ്ഞു. സംയുക്ത സൈനികാഭ്യാസം നടക്കുന്ന ബ്രെസ്റ്റിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള പോളണ്ടിന്റെ ബിയല പൊഡാൾസ്കയിലേക്കു നീങ്ങാൻ സൈന്യത്തിന് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Belarus to hold exercises with Wagner fighters near Polish border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.