ട്രംപ് മസ്കിന് പരിധി വെക്കുമോ? അടച്ചിട്ട വാതിലിനു പിന്നിൽ രൂക്ഷമായി ഏറ്റുമുട്ടി ട്രംപ് ഉദ്യോഗസ്ഥരും മസ്കും

വാഷിംങ്ടൺ: വൈറ്റ് ഹൗസിൽ നടന്ന സ്ഫോടനാത്മകമായ കാബിനറ്റ് റൂം മീറ്റിങ്ങിൽ ഇലോൺ മസ്‌കും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം ഡോണാൾഡ് ട്രംപ് നിഷേധിച്ചു. വാഗ്വാദത്തെ തുടർന്ന് ‘ഡോജ്’ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിൽ അന്തിമ തീരുമാനം മസ്‌കിന് പകരം സെക്രട്ടറിമാർക്കായിരിക്കുമെന്ന് ട്രംപിന് ആവർത്തിക്കേണ്ടിവന്നതായാണ് റിപ്പോർട്ട്.

മന്ത്രിസഭയിലെ ഭൂരിഭാഗവും ഉൾപ്പെടെ 20തോളം പേർ പങ്കെടുത്ത യോഗത്തിലാണ് സംഭവ വികാസങ്ങൾ. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കോപാകുലനായ മസ്‌ക് നിരവധി കാബിനറ്റ് സെക്രട്ടറിമാരെ ലക്ഷ്യം വച്ചപ്പോൾ സ്ഫോടനാത്മകമായ രംഗങ്ങൾ ഉണ്ടായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പിരിമുറുക്കം ഏറിപ്പോൾ ഉദ്യോഗസ്ഥരും തിരിച്ചടിച്ചു.

അമിതവ്യയം, ദുരുപയോഗം, വഞ്ചന എന്നിവ കുറക്കുക എന്ന ‘ഡോജി’ന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ട്രംപിന്റെ കാബിനറ്റ് സെക്രട്ടറിമാർ പിന്തുണക്കുന്നുണ്ടെങ്കിലും, സമീപനത്തിലെ പ്രശ്നങ്ങളും സ്ഥിരമായ ഏകോപനത്തിന്റെ അഭാവവും മൂലം ചിലർ നിരാശരാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും മസ്കുമായി ചൂടേറിയ ഏറ്റുമുട്ടലുകൾ നടത്തിയതായി ‘ടൈംസും’ റിപ്പോർട്ട് ചെയ്തു. എന്നാൽ പിന്നീട് മാധ്യമ പ്രവർത്തകൻ ചോദ്യം ഉന്നയിച്ചപ്പോൾ മസ്കും റൂബിയോയും തമ്മിൽ തർക്കമുണ്ടായെന്ന റിപ്പോർട്ടുകൾ ട്രംപ് നിഷേധിച്ചു. ‘ഏറ്റുമുട്ടലില്ല. ഞാൻ അവിടെ ഉണ്ടായിരുന്നു. ലോകകപ്പിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ ഇത്തരം ചോദ്യം ചോദ്യം ചോദിക്കാൻ പാടില്ല’ എന്നും 2026 ഫിഫ ലോകകപ്പിനായി വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കുന്നതുമായി ബന്ധ​പ്പെട്ട് ഒപ്പിട്ട ഉത്തരവിനെ പരാമർശിച്ചുകൊണ്ട് ട്രംപ് മാധ്യമ റിപ്പോർട്ടറോട് പറഞ്ഞു.

സ്റ്റാഫിനെ വെട്ടിക്കുറക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് റൂബിയോയോട് അത് ചെയ്യാൻ യോഗത്തിൽ മസ്ക് നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ‘നിങ്ങൾ ആരെയും പുറത്താക്കിയിട്ടില്ല’ മസ്ക് റൂബിയോയോട് പറഞ്ഞു. തുടർന്ന് താൻ പുറത്താക്കിയ ഒരേയൊരു വ്യക്തി മസ്കിന്റെ സർക്കാർ കാര്യക്ഷമതാ വകുപ്പിലെ ഒരു അംഗമായിരിക്കാമെന്ന് പുച്ഛത്തോടെ റൂബിയോ തിരിച്ചടിച്ചു.

റൂബിയോയുടെ നിയന്ത്രണത്തിലുള്ള ഒരു ഏജൻസിയെ മസ്കിന്റെ ടീം അടച്ചുപൂട്ടിയത് റൂബിയോക്ക് മസ്‌കിനോടുള്ള കോപത്തിനിടയാക്കിയിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപിനും മറ്റ് 20 ഓളം പേർക്കും മുന്നിൽ നടന്ന അസാധാരണമായ കാബിനറ്റ് യോഗത്തിൽ അതിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റൂബിയോ പരാതിയായി വെച്ചു. മസ്‌ക് സത്യസന്ധനല്ലെന്നും റൂബിയോ പറഞ്ഞു. പിരിച്ചുവിട്ട 1,500ലധികം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ കാര്യവും ഉന്നയിച്ചു. തുടർന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുനഃസംഘടിപ്പിക്കുന്നതിനുള്ള തന്റെ വിശദമായ പദ്ധതികൾ അദ്ദേഹം അവതരിപ്പിച്ചു.

എന്നാൽ, മസ്‌ക് അതിൽ വലിയ മതിപ്പു കാണിച്ചില്ല. റൂബിയോയോട് ‘ താങ്കൾ ടെലിവിഷനിൽ മിടുക്കനാണ്’ എന്നു പറഞ്ഞത് മറ്റ് കാര്യങ്ങളിൽ മിടുക്കനല്ല എന്ന വ്യക്തമായ സൂചന നൽകി. ഇതെല്ലാം നടക്കുമ്പോൾ ട്രംപ് തന്റെ കസേരയിൽ കൈകൾ കൂട്ടിപ്പിടിച്ച് ഒരു ടെന്നീസ് മത്സരം കാണുന്നതുപോലെ ഇരുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

തർക്കം നീണ്ടുനിന്നപ്പോൾ, റൂബിയോ ‘മികച്ച രീതിയിൽ’ പ്രവർത്തിക്കുന്നതായി ന്യായീകരിക്കാൻ ട്രംപ് ഒടുവിൽ ഇടപെട്ടു. റൂബിയോക്ക് കൈകാര്യം ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം വളരെ തിരക്കിലാണെന്നും എപ്പോഴും യാത്ര ചെയ്യുന്നുവെന്നും അതിനാൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ട്രംപിന്റെ രണ്ടാം ടേമിന്റെ ആവേശകരമായ ആദ്യ ആഴ്ചകൾക്ക് ശേഷമുള്ള ഒരു വഴിത്തിരിവായിരുന്നു ഈ കൂടിക്കാഴ്ച. മസ്‌കിന് ചില പരിധികൾ വെക്കാൻ ട്രംപ് തയ്യാറാവുന്നുവെന്ന പ്രധാന സൂചന നൽകുന്നതായി ഇത്. 

മസ്‌കിന്റെ നീക്കങ്ങൾ നിരവധി കേസുകളിലേക്ക് നയിക്കുകയും റിപ്പബ്ലിക്കൻ സാമാജികരിൽ നിന്നടക്കം വിമർശനം ഉയരുകയും ചെയ്യുന്നുണ്ട്. അവരിൽ ചിലർ നേരിട്ട് ട്രംപിന് പരാതി നൽകിയിട്ടുമുണ്ട്.

Tags:    
News Summary - Behind closed doors: Trump officials and Elon Musk face off in explosive meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.