ധാക്ക: ബംഗ്ലാദേശിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഹിന്ദു സന്യാസിയും സമ്മിളിത സനാതനി ജോട് സംഘടന നേതാവുമായ ചിൻമോയ് കൃഷ്ണ ദാസിന് ജാമ്യം. ബംഗ്ലാദേശ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെങ്കിൽ വൈകാതെ അദ്ദേഹം പുറത്തിറങ്ങും.
കഴിഞ്ഞ വർഷം നവംബർ 25ന് ചിറ്റഗോങ്ങിൽ നടന്ന പരിപാടിയിൽ ദേശീയപതാകയെ അനാദരിച്ചെന്ന കേസിലാണ് ധാക്ക ഹസ്രത്ത് ഷാജലാൽ വിമാനത്താവളത്തിൽനിന്ന് ചിൻമോയ് കൃഷ്ണ ദാസ് അറസ്റ്റിലാകുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസിൽ പ്രാദേശിക കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതുടർന്ന് ജനുവരി രണ്ടിന് കൃഷ്ണദാസ് ജയിലിലായി.
ഫെബ്രുവരിയിൽ കേസ് പരിഗണിച്ച ഹൈകോടതി ജാമ്യാപേക്ഷയിൽ സർക്കാറിന്റെ നിലപാട് തേടിയിരുന്നു. സന്യാസി മാതൃരാജ്യത്തെ തന്റെ അമ്മയെപോലെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം രാജ്യദ്രോഹിയല്ലെന്നുമാണ് കൃഷ്ണദാസിന്റെ അഭിഭാഷകൻ അപൂർബ കുമാർ ഭട്ടാചാര്യ കോടതിയിൽ വാദിച്ചത്. ഈ വാദം തള്ളിയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
രാജ്യംവിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന 2024 ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടിയതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കുമിടയിൽ തുടങ്ങിയ ഭിന്നത ചിൻമോയ് കൃഷ്ണ ദാസ് അറസ്റ്റിലായതോടെ കൂടുതൽ വഷളായിരുന്നു. കൃഷ്ണ ദാസ് ജയിലിലടക്കപ്പെട്ടതിനെതുടർന്ന് ചിറ്റഗോങ്ങിലെ പ്രതിഷേധത്തിനിടെ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ കൊല്ലപ്പെട്ടത് സ്ഥിതി കൂടുതൽ സംഘർഷത്തിലാക്കി.
ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നടുക്കം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.