ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻപ്രധാനമന്ത്രി ശെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത് പരിക്കേറ്റ ‘ജൂലൈ വാരിയേഴ്സി’ന് 5.25 ലക്ഷം ടാക്ക വരെയുള്ള വ്യക്തിഗത വരുമാനത്തിന് ബംഗ്ലാദേശ് നികുതി ഇളവ് അനുവദിച്ചു. 1971ലെ സ്വാതന്ത്ര്യസമര സേനാനികൾക്ക് നൽകിയ ഇളവിന് തുല്യമാണിത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. ശെയ്ഖ് ഹസീന നാടുവിട്ട ശേഷമുള്ള ആദ്യ ബജറ്റ് ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീൻ അഹ്മദാണ് അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 1500ഓളം പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവർക്കും അംഗവൈകല്യം സംഭവിച്ചവർക്കും ആനുകൂല്യം നൽകുന്നതിനെച്ചൊല്ലി ഇടക്കാല സർക്കാർ വിമർശം നേരിടുന്നതിനിടെയാണ് ‘ജൂലൈ വാരിയേഴ്സി’ന് നികുതി ഇളവ് പ്രഖ്യാപിച്ചത്.
2026–27 സാമ്പത്തിക വർഷം മുതൽ രണ്ട് വർഷത്തേക്ക് ജൂലൈ വാരിയേഴ്‌സ് എന്ന പുതിയ വ്യക്തിഗത ആദായ നികുതി വിഭാഗത്തെ സർക്കാർ അവതരിപ്പിച്ചതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. 1971ലെ യുദ്ധത്തിൽ പരിക്കേറ്റ സ്വാതന്ത്ര്യസമര സേനാനികളുടെ നികുതി രഹിത വരുമാന പരിധി അഞ്ച് ലക്ഷം ടാക്കയിൽ നിന്ന് 5.25 ലക്ഷം ടാക്കയായി ഉയർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇത് ജൂലൈ വാരിയേഴ്സിനെ 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പരിക്കേറ്റ സ്വാതന്ത്ര്യസമര സേനാനികൾക്ക് തുല്യരാക്കുന്നു.
2024 ആഗസ്റ്റിൽ അവാമി ലീഗ് ഭരണകൂടത്തെ താഴെയിറക്കാൻ നിർബന്ധിതമാക്കിയ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഫെബ്രുവരിയിൽ യൂനുസ് സർക്കാർ 1,401 പേരെ ‘ജൂലൈ യോദ്ധാക്കൾ’ ആയി ഔദ്യോഗികമായി അംഗീകരിച്ചു. കലാപത്തിൽ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി ബജറ്റിൽ 405.20 കോടി രൂപ വകയിരുത്തി. പ്രതിഷേധങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായനയം ഉടൻ അവതരിപ്പിക്കുമെന്നും ധനകാര്യ ഉപദേഷ്ടാവ് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.