യു.എന്നില്‍ അമേരിക്കയും കൈവിട്ടു; ഇസ്രായേലിന് തിരിച്ചടി

ന്യൂയോര്‍ക്: കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ്ബാങ്കിലെയും ഫലസ്തീന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ട് നാല് രാജ്യങ്ങള്‍ സമര്‍പ്പിച്ച പ്രമേയം യു.എന്‍ രക്ഷാ സമിതി പാസാക്കി. 15 അംഗങ്ങളുള്ള രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. വീറ്റോ അധികാരമുപയോഗിച്ച് അമേരിക്ക പ്രമേയത്തെ എതിര്‍ക്കുമെന്ന ഇസ്രായേല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി വോട്ടെടുപ്പില്‍നിന്ന് അമേരിക്ക വിട്ടുനിന്നതോടെയാണ് തടസ്സങ്ങളില്ലാതെ പാസായത്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇടപെടലിനത്തെുടര്‍ന്നാണ് അമേരിക്ക പ്രമേയത്തിന് ‘മൗനാനുവാദം’ നല്‍കിയത്. ന്യൂസിലന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗാള്‍ എന്നീ രാഷ്ട്രങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 36 വര്‍ഷത്തിനിടെ ആദ്യമായാണ് അധിനിവേശത്തിനെതിരായ പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ എട്ടുവര്‍ഷത്തിനിടെ പാസാകുന്ന ആദ്യ പ്രമേയമാണിത്.

ഫലസ്തീന്‍ മേഖലയിലെ ഇസ്രായേല്‍ നിര്‍മാണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഈജിപ്ത് പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, കടുത്ത സമ്മര്‍ദങ്ങളുടെ ഫലമായി ഈജിപ്ത് പിന്‍വാങ്ങുകയായിരുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്‍റ് അബുല്‍ ഫത്താഹ് അല്‍സീസിയെ വിളിച്ച് സംസാരിച്ചതോടെയാണ് ഈജിപ്ത് മനസ്സ് മാറ്റിയത്. പ്രമേയത്തിന്‍െറ കരടുരേഖ വിതരണം ചെയ്ത ശേഷമായിരുന്നു ഈജിപ്തിന്‍െറ പിന്മാറ്റം. ഈജിപ്തിന്‍െറ തീരുമാനത്തെ മറ്റ് രാജ്യങ്ങള്‍ എതിര്‍ക്കുകയും ന്യൂസിലന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗാള്‍ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് പ്രമേയമവതരിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഫലസ്തീനിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമപരമായി സാധുത ഇല്ളെന്നും ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അതേസമയം, ജനുവരി 20ന് ശേഷം ഐക്യരാഷ്ട്ര സഭയില്‍ കാര്യങ്ങള്‍ മാറുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 20നാണ് അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍, ഒരുസമയം ഒരു പ്രസിഡന്‍റ് മതി എന്ന ട്വീറ്റുമായി വൈറ്റ്ഹൗസ് വക്താവ് ബെന്‍ റോഡ്സ് തിരിച്ചടിച്ചു. പ്രമേയത്തെ എതിര്‍ക്കാതിരുന്ന അമേരിക്കന്‍ നടപടിയെ യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ സാമന്ത പവര്‍ ന്യായീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വിജയമാണെന്ന് ഫലസ്തീന്‍ വക്താവ് സാഇബ് എറെകാത് പറഞ്ഞു.

അമേരിക്കയുടെ നടപടി ജൂതസമൂഹത്തെ അവഹേളിക്കുന്നതാണെന്നും പ്രമേയം അംഗീകരിക്കില്ളെന്നും ഇസ്രായേല്‍ പ്രതികരിച്ചു. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത സ്ഥലത്ത് ജൂത പാര്‍പ്പിടങ്ങള്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് ഫലസ്തീന്‍. ഈ സ്ഥലങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കേണ്ടതെന്നും അവര്‍ പറയുന്നു. രക്ഷാസമിതിയുടെ തീരുമാനത്തെ സ്ഥിരാംഗങ്ങളും താല്‍ക്കാലിക അംഗങ്ങളും പ്രശംസിച്ചു. പ്രമേയം പാസായത് ഫലസ്തീന്‍ ജനതക്ക് താല്‍ക്കാലിക ആശ്വാസം പകരുമെങ്കിലും കടുത്ത വലതുപക്ഷ നിലപാടുള്ള ട്രംപ് അധികാരത്തിലത്തെുന്നതോടെ ഇസ്രായേല്‍-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്.
സ്ഥാനമൊഴിയുന്ന ബറാക് ഒബാമയുടെ പഴയ നിലപാടിലേക്കുള്ള തിരിച്ചുപോക്കായാണ് അമേരിക്കന്‍ തീരുമാനത്തെ ലോകം കാണുന്നത്. ഇസ്രായേലിന്‍െറ അനധികൃതനിര്‍മാണം അവസാനിപ്പിക്കണമെന്ന് 2009ല്‍ ഒബാമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇസ്രായേലിന്‍െറ സമ്മര്‍ദത്തിനുവഴങ്ങിയ ഒബാമ യു.എന്നില്‍ ഇസ്രായേലിനെ പിന്തുണക്കുന്നതാണ് പിന്നീട് കണ്ടത്.

Tags:    
News Summary - UN Security Council passes motion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.