ഇസ്രായേല്‍ കുടിയേറ്റ ബില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അവഗണിച്ച ഭൂ കൊള്ളയെന്ന് വിദഗ്ധര്‍

തെല്‍അവീവ്: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ സ്വകാര്യ ഭൂമി കൈയേറി ജൂതപൗരന്മാര്‍ നിര്‍മിച്ച കുടിയേറ്റ ഭവനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ഇസ്രായേലിന്‍െറ പുതിയ ബില്ലിനെതിരെ ലോകവേദികള്‍ രംഗത്ത്. ഭൂക്കൊള്ളക്ക് നിയമസാധുത നല്‍കുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതും ദ്വിരാഷ്ട്ര ഫോര്‍മുലയെ അപ്രസക്തമാക്കുന്നതുമാണ് ബില്ളെന്നാണ് നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികരിച്ചത്.
തിങ്കളാഴ്ച ഇസ്രായേല്‍ പാര്‍ലമെന്‍റില്‍ 52നെതിരെ 60വോട്ടുകള്‍ക്ക് പാസായ ബില്ലിനെതിരെ ഐക്യരാഷ്ട്ര സഭയടക്കമുള്ള ലോക വേദികളും രംഗത്തത്തെി. നിയമം അന്തരാഷ്ട്ര ധാരണകളുടെ വ്യക്തമായ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. ബില്ല് പാസാക്കിയ ഇസ്രായേല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മേധാവി ബില്ലിനെ അപലപിക്കുകയും സമാധാനത്തിനുള്ള ശ്രമങ്ങളെ തടയുകയും സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്യുന്ന നടപടിയില്‍നിന്ന് ഇസ്രായേല്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീനിയന്‍ ജനതക്കെതിരായ കടന്നുകയറ്റമാണ് ഈ നടപടിയെന്നായിരുന്നു പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. പാരിസില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായി അബ്ബാസ് കൂടിക്കാഴ്ചയും നടത്തി. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുമ്പോള്‍ ഇസ്രായേല്‍ വംശവെറിയിലൂന്നിയ ഒരു രാഷ്ട്രത്തെ നിര്‍മിക്കാനാണ് ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര വേദികളില്‍ ബില്ലിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം ദ്വിരാഷ്ട്ര പ്രശ്നപരിഹാരമെന്ന തത്വത്തിന്‍െറ ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നായിരുന്നു പി.എല്‍.ഒ പ്രതികരിച്ചത്. ഫലസ്തിനീകളില്‍നിന്ന് ഭൂമി പിടിച്ചുപറിക്കുന്നതാണ് നിയമമെന്ന് അറബ് ലീഗും പ്രതികരിച്ചു. ജോര്‍ഡന്‍ അടക്കമുള്ള അറബ് രാജ്യങ്ങളും ഫ്രാന്‍സ്, ജര്‍മനി അടക്കമുള്ള  വിവിധ രാജ്യങ്ങളും നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഫലസ്തീനികളുടെ സ്വകാര്യ ഭൂമി കൈയേറി നിര്‍മിച്ച നാലായിരം ഭവനങ്ങള്‍ക്കാണ് ബില്‍ നിയമസാധുത നല്‍കുന്നതെങ്കിലും കൂടുതല്‍ ‘ഭൂ കൊള്ള’ക്ക് ഇത് പ്രചോദനമേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ഫലസ്തീനികളും ഇസ്രായേലിലെ പൗരാവകാശ സംഘടനകളും നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - palestine israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.