‘നിലവിലുള്ളത് ലോകം കണ്ട ഏറ്റവും വലിയ ഊർജ പ്രതിസന്ധി’; പരിഹാരം ഹുർമുസിലെ ഉപരോധം നീക്കൽ മാത്രമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി

കാൻബറ: 1970കളിലെ ഇരട്ട എണ്ണ പ്രതിസന്ധിയെക്കാളും യുക്രെയ്ൻ യുദ്ധാനന്തര സാഹചര്യത്തെക്കാളും ഭീകരമായ ഊർജപ്രതിസന്ധിയാണ് നിലവിൽ ലോകം നേരിടുന്നതെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐ.ഇ.എ) മേധാവി ഫാതിഹ് ബിറോൾ. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സംയുക്താക്രമണമാണ് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന രീതിയിലുള്ള 'ഊർജ ആഘാത'ത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആസ്‌ട്രേലിയൻ നാഷനൽ പ്രസ് ക്ലബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹുർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതും ഊർജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള വിപണിയിൽ പ്രതിദിനം1.1 കോടി ബാരൽ എണ്ണയുടെ കുറവുണ്ടാക്കിയതായി ബിറോൾ ചൂണ്ടിക്കാട്ടി. 1973, 1979 വർഷങ്ങളിൽ അനുഭവിച്ച എണ്ണക്ഷാമത്തിന്റെ ഇരട്ടിയോളമാണ് ഈ കണക്ക്. കൂടാതെ, 14000 കോടി ക്യൂബിക് മീറ്റർ പ്രകൃതിവാതകത്തിന്റെ കുറവും വിപണിയിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധകാലത്ത് കുറഞ്ഞത് 7500 കോടി ക്യൂബിക് മീറ്റർ കുറവായിരുന്നു രേഖപ്പെടുത്തിയത്.

പ്രതിസന്ധി ലഘൂകരിക്കാൻ അംഗരാജ്യങ്ങൾ 40 കോടി ബാരൽ എണ്ണ കരുതൽ ശേഖരത്തിൽ നിന്ന് വിപണിയിലെത്തിക്കാൻ ഐ.ഇ.എ നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 50 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹുർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതാണ് നിലവിലെ പ്രശ്നത്തിന് ഏക പരിഹാരമെന്നും ഐ.ഇ.എ മേധാവി വ്യക്തമാക്കി.

Tags:    
News Summary - 'The world is facing the biggest energy crisis ever'; The only solution is to lift the blockade on Hormuz, says the International Energy Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.