ഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. എയർഫോഴ്സ് വൺ വിമാനത്തിന്റെ ഗോവണിപ്പടികൾ വളരെ ജാഗ്രതയോടെ ഇറങ്ങുന്ന ട്രംപിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെച്ചൊല്ലി സംസാരങ്ങൾ ഉയർന്നത്. മാർച്ച് 21ന് ട്രംപ് ഫ്ലോറിഡയിൽ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിമാനത്തിന്റെ കൈവരിയിൽ മുറുക്കെപ്പിടിച്ച്, വളരെ സാവധാനം ഓരോ പടികളും ഇറങ്ങുന്ന ട്രംപിനെ വിഡിയോയിൽ കാണാം. ഇടക്ക് അദ്ദേഹം ഒന്ന് നിൽക്കുന്നതും ദൃശ്യമാണ്.
ഇതിന് തലേദിവസം നടന്ന ഒരു ചടങ്ങിൽ, കസേരയിൽ ഇരിക്കുന്നതിന് മുമ്പായി മേശയിൽ ഇരു കൈകളും ഊന്നി ശരീരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ട്രംപിന്റെ വിഡിയോയും ചർച്ചയാകുന്നുണ്ട്. ആ സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് നേരിയ അസ്വാസ്ഥ്യം പ്രകടമായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയർന്നുവരുന്നത്.
‘ട്രംപ് വളരെ ക്ഷീണിതനായി കാണപ്പെടുന്നു, അദ്ദേഹത്തിന് വിമാനത്തിന്റെ പടികൾ പോലും ഇറങ്ങാൻ കഴിയുന്നില്ല’ എന്ന് ചിലർ കുറിച്ചു. അദ്ദേഹത്തിന്റെ മസ്തിഷ്കം മന്ദീഭവിച്ചതായും പ്രായം അദ്ദേഹത്തെ തളർത്തുന്നതായും ചിലർ പരിഹസിച്ചു. ട്രംപിന്റെ വീർത്ത കണങ്കാലുകളും ചർമത്തിലെ മാറ്റങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരം ദൃശ്യങ്ങൾ അനാവശ്യമായി വ്യാഖ്യാനിക്കുകയാണെന്നും പ്രായമായ ഒരാൾ പടികൾ ഇറങ്ങുമ്പോൾ കാണിക്കുന്ന സ്വാഭാവിക ജാഗ്രത മാത്രമാണിതെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം.
തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകളെ ട്രംപ് മുമ്പേ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. മുൻ വൈറ്റ് ഹൗസ് ഡോക്ടർ റോണി ജാക്സന്റെ വാക്കുകൾ ഉദ്ധരിച്ച് താനാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ആരോഗ്യവാനായ പ്രസിഡന്റ് എന്നാണ് ട്രംപ് അവകാശപ്പെടാറുള്ളത്. ആരോഗ്യനിലയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും ട്രംപിന്റെ ഔദ്യോഗിക പരിപാടികളിൽ മാറ്റമൊന്നുമില്ല. ഫ്ലോറിഡക്ക് ശേഷം അദ്ദേഹം ടെന്നസിയിലേക്കും തുടർന്ന് വാഷിങ്ടണിലേക്കും യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.