വെസ്റ്റ് ബാങ്ക്: ‘ഇസ്രായേല്‍ സൈന്യം ഈ ഗ്രാമത്തില്‍ പ്രവേശിച്ചിരിക്കുന്നു. അവര്‍ നമ്മുടെ വീടുകള്‍ നിരപ്പാക്കാനുള്ള തയാറെടുപ്പിലാണ്’ -കഴിഞ്ഞമാസം വെസ്റ്റ്ബാങ്കിലെ ബുദ്രുസ് ഗ്രാമത്തിലെ പള്ളിയിലെ ഉച്ചഭാഷിണിയില്‍നിന്ന് ഉയര്‍ന്ന മുന്നറിയിപ്പാണിത്. അതുകേട്ട നിമിഷം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗ്രാമവാസികള്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലത്തേക്ക് ഓടി. സ്ത്രീകളായിരുന്നു അതിന്‍െറ മുന്‍നിരയില്‍. സൈന്യത്തെ നേരിടാന്‍ ഞങ്ങള്‍ക്കു ഒരു ചര്‍ച്ചയും ആസൂത്രണവും വേണ്ടിവന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു -അതിലൊരാളായ നാജിയ പറയുന്നു.
ഇവരില്‍ കുറെ സ്ത്രീകള്‍ തകര്‍ക്കാന്‍ പോവുന്ന വീടുകള്‍ക്കുള്ളില്‍ ഇരച്ചുകയറി. ഇസ്രായേല്‍ പൊലീസ് അവരെ പിടിച്ച് പുറന്തള്ളുന്നതുവരെ അവര്‍ അങ്ങനെചെയ്തു. പുറത്തിറങ്ങിയ അവര്‍ അലറിവിളിച്ച് സൈന്യത്തെ ചകിതരാക്കി. കുറെപ്പേര്‍ വീടിലേക്കുള്ള പ്രവേശന വഴിയില്‍ നിശ്ശബ്ദരായും ഉറച്ച കാലടികളോടെയും നിരയായിനിന്ന് മനുഷ്യച്ചങ്ങല തീര്‍ത്തു. തോക്കുകളുമായിനിന്ന ഇസ്രായേല്‍ സൈന്യത്തിലെ അവസാനത്തെയാളും പിന്‍വാങ്ങുന്നതുവരെ. ഈ വിജയം ബുദ്രുസിലെ സ്ത്രീകളുടെ ആദ്യത്തേതായിരുന്നില്ല. 2003ലും പ്രതിരോധ മുന്നേറ്റം അവരില്‍നിന്നുണ്ടായിരുന്നു. വേലികെട്ടി തിരിച്ചുള്ള ഇസ്രായേല്‍ സൈന്യത്തിന്‍െറ കൈയേറ്റം തകര്‍ത്ത് 95 ശതമാനം ഭൂമിയും അന്ന് അവര്‍ തിരിച്ചുപിടിച്ചു.
പതിവു യോഗമോ മറ്റു കൂടിച്ചേരലുകളോ ഇല്ലാതെ എങ്ങനെയാണ് ശക്തമായ സമരപ്രതിരോധം ഇവര്‍ നടപ്പാക്കുന്നതെന്നല്ളേ? തങ്ങളുടെ പദ്ധതികള്‍ എല്ലാം ഇവര്‍ ആസൂത്രണംചെയ്യുന്നത് കമ്യൂണിറ്റി ഫേസ്ബുക്ക് പേജിലൂടെയാണ്. ഗ്രാമത്തിലെ എല്ലാ പ്രവര്‍ത്തങ്ങളും അതില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാവും. ഇസ്രായേല്‍ സൈന്യത്തിന്‍െറ നീക്കങ്ങള്‍ അടക്കം. ഓരോ ബുദ്രുസ് നിവാസിയും ഉണര്‍ന്നാല്‍ ആദ്യം നോക്കുക ആ ഫേസ്ബുക്ക് പേജായിരിക്കും. പുറമെ, ഇതിലെ വിവരങ്ങള്‍ പ്രാദേശിക പള്ളികളിലൂടെയും അറിയിക്കും. സൈന്യം വരുന്നുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ച ഉടന്‍ കുട്ടികളെയോ ഭര്‍ത്താവിനെയോ തേടി ഓടുകയല്ല ഞാന്‍ ചെയ്തത്. എനിക്കറിയാം ആ സ്ഥലത്ത് എത്തിക്കഴിഞ്ഞാന്‍ അവരെല്ലാം അവിടെ ഉണ്ടാവുമെന്ന് -നാജിയ പറയുന്നു. കീഴടങ്ങാന്‍ മനസ്സില്ലാത്ത സ്ത്രീകളുടെ നേതൃത്വത്തില്‍ ബുദ്രുസ് ഇങ്ങനെ മറ്റൊരു ചരിത്രം രചിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.