തെൽഅവീവ്: ഇസ്രായേൽ ജയിലിൽ കഴിയുന്ന ഫലസ്തീൻ തടവുകാർ നടത്തിവരുകയായിരുന്ന കൂട്ട നിരാഹാരസമരം അവസാനിപ്പിച്ചു. ഇസ്രായേലുമായി നടത്തിയ കരാറിെൻറ അടിസ്ഥാനത്തിലാണ് 1500 തടവുകാർ ഏപ്രിൽ 17 മുതൽ തുടങ്ങിയ നിരാഹാരസമരം അവസാനിപ്പിച്ചത്. മാസത്തിൽ കുടുംബാംഗങ്ങൾക്ക് രണ്ടു തവണ സന്ദർശനാനുമതി നൽകാമെന്ന ഇസ്രായേൽ വ്യവസ്ഥ അംഗീകരിച്ചാണ് 40 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്.
നിരാഹാരസമരം അവസാനിപ്പിക്കാൻ നടപടികളുണ്ടാകാത്തതിൽ പ്രതിഷേധിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഉൾപ്പെടെ മേഖലയിൽ ഒന്നടങ്കം പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് അനുനയത്തിന് ഇസ്രായേൽ നിർബന്ധിതരായത്. തടവിൽ കഴിയുന്ന ഫലസ്തീൻ പൗരന്മാരുടെ കാര്യത്തിൽ നടപടിയെടുക്കണമെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷനും ആവശ്യപ്പെട്ടിരുന്നു.
റെഡ് ക്രോസും ഫലസ്തീൻ അതോറിറ്റിയുമാണ് തടവുകാരുമായി അനുനയ ചർച്ചകൾ നടത്തിയത്. ഫത്തഹ് നേതാവ് മർവാൻ ബർഗൂതിയുടെ നേതൃത്വത്തിലാണ് വിചാരണകൂടാതെയുള്ള തടവുശിക്ഷയടക്കമുള്ള ഇസ്രായേൽ ജയിലുകളിലെ അന്യായങ്ങൾക്കെതിരെ നിരാഹാരസമരം തുടങ്ങിയത്. കുടുംബാംഗങ്ങൾക്ക് സന്ദർശനത്തിനുള്ള അവസരം വർധിപ്പിക്കുക, ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു മറ്റ് ആവശ്യങ്ങൾ. 6500 ഫലസ്തീൻ തടവുകാരാണ് ഇസ്രായേൽ ജയിലുകളിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.