മൂസില്‍ ആക്രമണം: ഇറാഖി സേന നിരവധി ഗ്രാമങ്ങള്‍ മോചിപ്പിച്ചു

ബഗ്ദാദ്: ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമായ മൂസിലിലെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് മുന്നേറുന്ന ഇറാഖി സേന നിരവധി ഗ്രാമങ്ങള്‍ ഐ.എസ് നിയന്ത്രണത്തില്‍നിന്ന് മോചിപ്പിച്ചു. ആയിരക്കണക്കിന് ഇറാഖി സേനാംഗങ്ങളാണ് അമേരിക്കയുടെ സഹായത്തോടെ യുദ്ധത്തില്‍ പങ്കാളികളാവുന്നത്. അതിനിടെ, ഞായറാഴ്ച ആരംഭിച്ച മുന്നേറ്റം വഴിയിലുടനീളം  ഐ.എസ് മൈനുകള്‍ സ്ഥാപിച്ചതുമൂലം തടസ്സപ്പെട്ടിരുന്നു.

കൂടുതല്‍ മൈനുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുന്നേറ്റത്തിന്‍െറ വേഗത കുറഞ്ഞിട്ടുണ്ട്. അതിനിടെ, യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് തിങ്കളാഴ്ച ബഗ്ദാദിലത്തെി. നേരത്തെ അറിയിക്കാതെ രഹസ്യമായാണ് അദ്ദേഹം യുദ്ധത്തിന്‍െറ പുരോഗതി വിലയിരുത്തുന്നതിന് എത്തിയത്. ആരുടെയെങ്കിലും എണ്ണ പിടിച്ചെടുക്കുന്നതിനല്ല ഇറാഖില്‍ അമേരിക്കന്‍ സേന പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പടിഞ്ഞാറന്‍ മൂസിലില്‍ അകപ്പെട്ട ആറര ലക്ഷത്തിലേറെ വരുന്ന സിവിലിയന്മാരുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്കയറിയിച്ചിട്ടുണ്ട്. നേരത്തെ കിഴക്കന്‍ മൂസില്‍ പിടിച്ചെടുത്തതിനേക്കാള്‍ സൈന്യത്തിന് ബുദ്ധിമുട്ടായിരിക്കും പടിഞ്ഞാറന്‍ ഭാഗം നിയന്ത്രണത്തിലാക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നഗരത്തിലെ പലഭാഗങ്ങളിലേക്കുമുള്ള ടൈഗ്രീസ് നദിക്ക് കുറുകെയുള്ള പാലങ്ങള്‍ ഭീകരര്‍ ഇതിനകം തകര്‍ത്തിട്ടുണ്ട്.

പ്രദേശത്ത് മൂവായിരം ഐ.എസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായാണ് സേനയുടെ ഊഹം. എന്നാല്‍, സിവിലിയന്മാര്‍ക്കിടയില്‍ കഴിയുന്ന ഇവരെ കണ്ടത്തെുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. മൂസില്‍ മോചിപ്പിക്കുന്നതിന് ഇതിനകം നടന്ന പോരാട്ടത്തില്‍ കൂടുതല്‍ ജീവനഷ്ടമുണ്ടായത് സിവിലിയന്മാര്‍ക്കാണ്.

 

Tags:    
News Summary - iraq mosul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.