ഇറാഖിലെ കിര്‍കൂക്കില്‍ ഐ.എസ് ആക്രമണം; നിരവധി മരണം

ബഗ്ദാദ്: ഇറാഖിലെ എണ്ണ സമ്പുഷ്ട മേഖലയായ കിര്‍കൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ഐ.എസിന്‍െറ ആക്രമണം. ആക്രമണത്തില്‍ ആറു പൊലീസുകാരും 16 സിവിലിയന്മാരും കൊല്ലപ്പെട്ടു. സൈന്യം തിരിച്ചടിച്ചതോടെ 12 ഭീകരര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൂസിലില്‍നിന്ന് ഇറാഖ് സൈന്യത്തിന്‍െറ ശ്രദ്ധ തിരിക്കാനാണ് ആക്രമണമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാവിലെ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളുമായത്തെിയ ഭീകരസംഘം കിര്‍കൂക്കിലെ സര്‍ക്കാര്‍ കെട്ടിടങ്ങളും പവര്‍ പ്ളാന്‍റും പൊലീസ് ആസ്ഥാനങ്ങളും ആക്രമിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ആക്രമണം നടത്തിയ കാര്യം ഐ.എസ് സ്ഥിരീകരിച്ചത്. മധ്യ കിര്‍കൂക്കില്‍ മുന്‍ പൊലീസ് ആസ്ഥാനം തകര്‍ക്കാന്‍ പദ്ധതിയിട്ട മൂന്നു ഭീകരര്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
 
വടക്കന്‍ മേഖലയിലെ നിര്‍മാണം നടക്കുന്ന പവര്‍പ്ളാന്‍റും സര്‍ക്കാര്‍ കെട്ടിടങ്ങളും ഐ.എസ് തകര്‍ത്തു.  പവര്‍പ്ളാന്‍റിനു നേരെയുള്ള ഭീകരരുടെ വെടിവെപ്പില്‍ മൂന്ന് ഇറാനികളുള്‍പ്പെടെ 16 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പിന്നീട് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഐ.എസിന്‍െറ പ്രധാന ആക്രമണം. കിര്‍കൂക്കിലെ വിവിധ മേഖലകളില്‍ വെടിവെപ്പ് തുടരുകയാണ്.

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കു ശേഷവും വെടിയൊച്ച നിലച്ചിട്ടില്ളെന്നും ഭീകരര്‍ തെരുവിലൂടെ സഞ്ചരിക്കുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്ന് കിര്‍കൂക് ഗവര്‍ണര്‍ അറിയിച്ചു.
കിര്‍കൂക്കിലെ സര്‍ക്കാര്‍ മന്ദിരവും പ്രമുഖ ഹോട്ടലും പിടിച്ചെടുത്തതായി ഐ.എസ് അവകാശപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിഷേധിച്ചു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചതായും ജുമുഅ നമസ്കാരം ഒഴിവാക്കിയതായും പള്ളികള്‍ അടച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബഗ്ദാദില്‍നിന്ന് 290ഉം മൂസിലില്‍നിന്ന് 170ഉം കി.മീ. അകലെയാണ് കിര്‍കൂക്. രാജ്യത്തിന്‍െറ തെക്കന്‍ മേഖലയിലെ മൂസില്‍ തിരിച്ചുപിടിക്കാന്‍ ഐ.എസിനെതിരെ സൈന്യം ശക്തമായ പോരാട്ടം തുടരുകയാണ്.

 

Tags:    
News Summary - iraq conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.