ജകാർത്ത: ദുരിതത്തിൽനിന്ന് കരകയറാനാവാതെ ഭൂചലനവും സൂനാമിയും തകർത്തെറിഞ്ഞ ഇന്തോനേഷ്യ. സുലവേസി പ്രവിശ്യയിലെ പാലുവിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഇവിടെ മൃതദേഹങ്ങൾ അഴുകിയ അവസ്ഥയിലായതിനാൽ രക്ഷാസംഘത്തിന് സർക്കാർ അധികൃതർ മുന്നറിയിപ്പ് നൽകി. പല ഭാഗത്തുനിന്നും ആളുകളുടെ അഴുകിയ ശരീരഭാഗങ്ങൾ ലഭിക്കുന്നുണ്ട്. ഇത് രക്ഷാപ്രവർത്തകർക്ക് രോഗഭീഷണി ഉയർത്തുന്നു.
പകർച്ചവ്യാധി കണക്കിലെടുത്ത് എല്ലാ രക്ഷാപ്രവർത്തകർക്കും വാക്സിനേഷൻ നൽകി. മരുന്നുകളുടെ അഭാവവും ആശുപത്രികളിൽ മതിയായ ജീവനക്കാരില്ലാത്തതും വലയ പ്രതിസന്ധിയാണ്. പാലു വിമാനത്താവളത്തിലെ അസൗകര്യങ്ങൾ അന്താരാഷ്ട്ര സഹായം വൈകുന്നതിന് കാരണമായി. രണ്ടുലക്ഷത്തിലേറെപ്പേർ സഹായം തേടുന്നുണ്ടെന്നാണ് യു.എൻ കണക്ക്. ഇവർക്കായി അഞ്ചുകോടി ഡോളറിെൻറ സഹായമാണ് യു.എൻ തേടുന്നത്. പാലുവിൽ കൂടുതൽ ഭാഗങ്ങളും ചളിപുതഞ്ഞുകിടക്കുകയാണ്. ഇവിടം വൃത്തിയാക്കാൻ മാസങ്ങളെടുക്കും.
പാലുവിെൻറ തെക്കൻ മേഖലയിൽ ജലത്തിെൻറ സാന്നിധ്യം വർധിച്ചതിനാൽ മണ്ണ് കുഴമ്പുരൂപത്തിലാണ്. പെേട്ടാബോ, ബലറോവ എന്നീ പ്രദേശങ്ങൾ പൂർണമായും ഇന്തോനേഷ്യൻ ഭൂപടത്തിൽനിന്ന് ഇല്ലാതായ അവസ്ഥയിലാണ്. ഇവിടെ നിരവധി മൃതദേഹങ്ങൾ ചളിയിൽ പുതഞ്ഞു കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. ചളിയിൽ പുതച്ച് ഉയർന്നുനിൽക്കുന്ന കൈകളും കാലുകളുമാണ് ഫ്രഞ്ച് രക്ഷാസംഘം കണ്ടെത്തിയത്. ഒറ്റ മനുഷ്യരെയും ജീവനോടെ കണ്ടെത്താനായിട്ടില്ലെന്നും എല്ലായിടത്തും മൃതദേഹങ്ങളാണെന്നും രക്ഷാപ്രവർത്തകർ പറയുന്നു. ഭൂചലനത്തിലും സൂനാമിയിലും മരിച്ചവരുടെ എണ്ണം 1649 ആയി. ആയിരങ്ങളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
പാർക്കുകൾ ദുരിതാശ്വാസ ക്യാമ്പുകളായി മാറിയിരിക്കയാണ്. ഇൗ ക്യാമ്പുകളിൽ താൽക്കാലിക ശുചിമുറികളോ മറ്റ് സൗകര്യങ്ങളോ ഇല്ല. കൂടുതൽ പേരും തുറന്നയിടങ്ങളിലാണ് ഉറങ്ങുന്നത്. ജീവൻ തിരിച്ചുകിട്ടിയതിൽ ആശ്വാസംകൊള്ളുകയാണവർ. ദുരന്തത്തിൽ 70,000 ആളുകളാണ് ഭവനരഹിതരായത്. ആറുലക്ഷം കുഞ്ഞുങ്ങളെ ഭൂചലനം ബാധിച്ചതായാണ് കണക്ക്. അതിനിടെ, നേവിയുടെ സഹായത്തോടെ ഒരുക്കിയ ആശുപത്രിയിൽ നാലു കുഞ്ഞുങ്ങൾ ജനിച്ചു.
ദുരന്തം അതിജീവിച്ച ആയിരങ്ങൾ പാലുവിൽനിന്ന് മറ്റുനഗരങ്ങളിലേക്ക് പലായനം തുടരുകയാണ്. കാണാതായവരിൽ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘവുമുണ്ട്. അതിജീവനത്തിെൻറ പാതയിലുള്ളവർ പാചകത്തിനായി കുക്കിങ് ഗ്യാസുകൾ സംഘടിപ്പിക്കാനുള്ള തിരക്കിലാണ്. കടകളിൽനിന്ന് സാധനങ്ങൾ മോഷണം പോകുന്നതിനാൽ ആളുകളെ ഉള്ളിലേക്ക് കടത്തുന്നില്ല. ഭൂചലനത്തിെൻറ താഴ്വരയാണ് ഇന്തോനേഷ്യ. ചെറുതും വലുതുമായ ഒട്ടനവധി പ്രകമ്പനങ്ങൾ അതിജീവിച്ചാണ് ആ ജനതയുടെ ഒാരോ ദിനവും കടന്നുപോകുന്നത്. 26 കോടിയാണ് ഇൗ ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യ.
സുഹറാസി എന്ന അദ്ഭുതശിശു
പാലു: ഭൂചലനത്തിൽനിന്ന് രക്ഷപ്പെട്ടതിെൻറ സന്തോഷത്തിൽ വീട്ടിലേക്ക് ഒാടുകയായിരുന്നു ദിനാർ. എന്നാൽ അത്രയെളുപ്പം അവർക്ക് ലക്ഷ്യത്തിലെത്താനാകുമായിരുന്നില്ല. കാരണം പൂർണ ഗർഭിണിയായിരുന്നു.
എങ്ങും തകർന്നടിഞ്ഞ കെട്ടിടങ്ങളും വീടുകളും ആശുപത്രികളും. ആശങ്ക വർധിച്ചു. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുേമ്പാഴാണ് നേവിയുടെ ബോട്ട് സഹായത്തിനെത്തിയത്. അവർ ഒരുക്കിയ ക്ലിനിക്കിൽ വെള്ളിയാഴ്ച ദിനാർ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി. സുഹറാസി എന്നാണ് മകൾക്ക് പേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.