റോഹിങ്ക്യകൾ മ്യാൻമർ ഭൂപടത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ടതായി സാറ്റലൈറ്റ് റിപ്പോർട്ട്

യാംഗോൻ: തലമുറകളായി തങ്ങളുടെ ജന്മരാജ്യമെന്ന് റോഹിങ്ക്യൻ മുസ്ലിംകൾ വിളിക്കുന്നത് മ്യാൻമറിനെയാണ്. പക്ഷെ ഒരു ജനതയെ തന്നെ തങ്ങളുടെ ഭൂപടത്തിൽ നിന്നും മായ്ച്ചുകളയാൻ മ്യാൻമറിന് കഴിഞ്ഞിരിക്കുന്നു. മുസ്ലിം തീവ്രവാദികളുടെ ആക്രമണത്തിനുള്ള മറുപടിയെന്ന രീതിയിൽ കഴിഞ്ഞ മാസം തുടർച്ചയായുണ്ടായ സെനിക ആക്രമണങ്ങളിൽ റഖൈനിലെ ആയിരത്തോളം വീടുകളാണ് അഗ്നിക്കിരയായത്. കലാപത്തെ തുടർന്ന് ബുദ്ധിസ്റ്റ് രാജ്യമായ മ്യാൻമറിൽ നിന്ന് 417,000 പേർ ബംഗ്ളാദേശിലേക്ക് അഭയാർഥികളായി പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. തങ്ങൾക്ക് മുൻപേ പലായനം ചെയ്ത പതിനായിരങ്ങളുടെ കൂട്ടത്തിൽ ചേരാനായിരുന്നു ഇവരുടേയും വിധി.

വംശനാശത്തിൽ നിന്നും രക്ഷപ്പെടാനായി ഇന്നും ഇവർ കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. മൺസൂണിന്‍റെ താണ്ഡവത്തിനിടയിലും കടലിലൂടെ ചെറിയ മരബോട്ടുകളിൽ കയറി ജീവൻ പണയം വെച്ച് ഇവർ ബംഗ്ളാദേശിലെ അഭയാർഥി ക്യാമ്പിലെത്തുന്നു. തങ്ങൾ ജന്മദേശമെന്ന് വിളിക്കുന്ന മ്യാൻമറിലേക്ക് എന്നെങ്കിലും തിരിച്ചു വരാൻ കഴിയുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ.

റോഹിങ്ക്യൻ മുസ്ലിംകൾ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരിതം പിടിച്ച കാലത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് വംശീയ ന്യൂനപക്ഷങ്ങളെ സഹായിക്കുന്ന അരാക്കൻ പദ്ധതി ഡയറക്ടറായ ക്രിസ് ലിവ പറഞ്ഞു. സുരക്ഷ സേന ചിട്ടയോടെ ഓരോ ഗ്രാമങ്ങളായി ഇല്ലാതാക്കി. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുകയാണ്. റഖൈനിലെ മുഴുവനായോ ഭാഗികമായോ കത്തിനശിച്ചനഗരങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ലിവ. റോഹിങ്ക്യകളിൽ ഭൂരിഭാഗം പേരും താമസിച്ചിരുന്ന ഈ ഭൂവിഭാഗം ഇപ്പോൾ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായതിനാൽ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ദുഷ്ക്കരമാണ്. ആംനസ്റ്റി ഇന്‍റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും പുറത്തുവിട്ട അപൂർവം ചില സാറ്റലൈറ്റ് ദൃശ്യങ്ങളിൽ  പോലും പുക മൂടിക്കിടക്കുന്ന ഭൂവിഭാഗങ്ങൾ മാത്രമാണ് കാണാനാവുക.  

എന്നാൽ ഇതിന് നേർവിപരീതമായ കണക്കാണ് സർക്കാർ നൽകുന്നത്. യു.എൻ റിപ്പോർട്ടറായ യാംഗ് ലീ 1,000ത്തോളം നാട്ടുകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയുമ്പോൾ സർക്കാരിന്‍റെ കണക്കിൽ ഇവർ വെറും 400 പേർ മാത്രമാണ്. ഇതിൽ തന്നെ ഭൂരിഭാഗം പേരും തീവ്രവാദികൾ ആയിരുന്നെന്നും 30 പേർ മാത്രമാണ് നാട്ടുകാർ എന്നും സർക്കാർ പറയുന്നു.

Tags:    
News Summary - How Rohingya Muslims are being wiped off Myanmar’s map-world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.