കൂട്ടബലാൽസംഗത്തിന് വിധേയയാക്കി നഗ്നയാക്കി നടത്തിച്ച യുവതി റാമ്പിൽ

കറാച്ചി: കൂട്ടബലാൽസംഗത്തിന് വിധേയയാക്കി ജനമധ്യത്തിലൂടെ നഗ്നയാക്കി നടത്തിച്ച മുക്താർ മായിയെന്ന യുവതി പാകിസ്താനിലെ ഫാഷൻ രംഗത്തെ താരംമാകുന്നു. ഫാഷൻ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഫാഷൻ വീക്കിൽ മുക്താർ മായിക്ക് റെഡ് കാർപറ്റ് സ്വീകരണമാണ് ലഭിച്ചത്. പാകിസ്താനിലെ മറ്റ് വനിതകളുടെ പ്രതീക്ഷകൾക്ക് കരുത്തേകാനാണ് താൻ മാതൃകയായതെന്ന് മുകാതാർ മായി സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവെ പറഞ്ഞു.

2002ലാണ് മുക്താറിന്‍റെ ജീവിതത്തിൽ ആ ദുരന്തമുണ്ടായത്. ശത്രുതയിലായിരുന്ന കുടുംബത്തോട് സഹോദരൻ ചെയ്ത തെറ്റിനുള്ള ശിക്ഷയായാണ് മായിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കണമെന്ന വിചിത്രവിധി  ഗോത്രപ്രതിനിധികൾ നിർദേശിച്ചത്. കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം  ജനമധ്യത്തിലൂടെ നഗ്നയാക്കി നടത്തിയാണ് ഇവർ ശിക്ഷ നടപ്പാക്കിയത്.  

ശിക്ഷക്ക് വിധേയരായ മറ്റനേകം സ്ത്രീകൾ ചെയ്യുന്നതുപോലെ ആത്മഹത്യ ചെയ്യാതെ തെറ്റുകാർക്കെതിരെ പോരാടാൻ തീരുമാനിക്കുകയായിരുന്നു മുക്താർ മായി.  സുപ്രീംകോടതി വരെ നീണ്ട നിയമ യുദ്ധത്തിലൂടെ ഗോത്രപ്രതിനിധികളേയും ബലൽസംഗം ചെയ്തവരേയും അടക്കം 14 പേരെ ജയിലടച്ചു. ആറ് പേർക്ക് വധശിക്ഷയും ലഭിച്ചു. എന്നാൽ, നിയമത്തിന്‍റെ പഴുതുകളിലൂടെ ഇവർ പുറത്തിറങ്ങി.

ഇതിലൊന്നും തളരാതെ പാകിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ധീരമായി നിലകൊള്ളാൻ മായി തീരുമാനിച്ചു. സ്ത്രീകൾക്കായി ഒരു അഭയകേന്ദ്രവും സ്കൂളും ഇവർ ആരംഭിച്ചു.

മായിയുടെ വ്യക്തിത്വത്തിൽ ആകൃഷ്ടയായാണ് പ്രമുഖ ഫാഷൻ ഡിസൈനറായ റോസിന മുനിബ് തന്‍റെ വസ്ത്രങ്ങളുടെ മോഡലാകാൻ മുക്താറിനെ ക്ഷണിച്ചത്. എന്തെങ്കിലും ഒരു ദുരന്തം നേരിട്ടാൽ ജീവിതത്തിന് അവസാനമായി എന്ന് കരുതരുത് എന്ന സന്ദേശമാണ് താൻ ഇതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് മുനിബ് വ്യക്തമാക്കി.

Tags:    
News Summary - Gang-Raped, Paraded Naked 14 Years Ago, Woman Walks in ramp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.