ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഗര്‍ഭപാതയുമായി ചൈന

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള  ഭൂഗര്‍ഭപാതയുടെ നിര്‍മാണം ചൈന പൂര്‍ത്തിയാക്കി. 10 മിനിറ്റുകൊണ്ട് എത്താവുന്ന തരത്തില്‍ തിബത്തിനെയും സിച്വാനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് പാത പണിതത്. സമുദ്രനിരപ്പില്‍നിന്ന് 6,168 മീറ്റര്‍ ഉയരത്തിലുള്ള ഈ ഭൂഗര്‍ഭപാത 17 കോടി യു.എസ് ഡോളര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. ചോല പര്‍വതത്തെ കടന്നുപോവുന്ന പാതക്ക് ഏഴ് കിലോമീറ്റര്‍ നീളമുണ്ട്. സിച്വാന്‍ തലസ്ഥാനമായ ചെങ്ക്ടു മുതല്‍ തിബത്തിലെ നാഗ്കു വരെയുള്ള ടണലിന്‍െറ നിര്‍മാണം  2012ലാണ് ആരംഭിച്ചത്.
അടുത്ത വര്‍ഷം മുതല്‍ പാത തുറന്നുകൊടുക്കും.

നിലവിലുള്ള 40 കിലോമീറ്റര്‍ ഹൈവേ വഴിയുള്ള യാത്രക്ക് രണ്ട് മണിക്കൂറിന് മുകളില്‍ സമയം ആവശ്യമാണ്. മഞ്ഞുമലകളും പാറക്കെട്ടുകളും നിറഞ്ഞ പാത അതീവ അപകടകരവുമാണ്. ചൈന റെയില്‍വേ പണിത ഏറ്റവും പ്രയാസമേറിയ ഭൂഗര്‍ഭപാതയാണ് ഇതെന്നും ദിവസം 4000 മുതല്‍ 5000  വരെ വാഹനങ്ങള്‍ കടന്നുപോവാന്‍ പാത സജ്ജമാണെന്നും ചീഫ് എന്‍ജിനീയര്‍ യാവോ സിജുന്‍ പറഞ്ഞു.  1951ല്‍ പണിത സിച്വാന്‍-തിബത്ത് ഹൈവേയാണ് തിബത്തില്‍ ചൈനയുടെ ആദ്യത്തെ ഹൈവേ.

ചൈന പള്‍സാര്‍ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

 പ്രപഞ്ചത്തിലെ പള്‍സാറുകളെ നിരീക്ഷിക്കാന്‍ ചൈന പുതിയ കൃത്രിമോപഗ്രഹം വിക്ഷേപിച്ചു. സ്വയം ഭ്രമണം ചെയ്യുകയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറംതള്ളുകയും ചെയ്യുന്ന പ്രത്യേകതരം ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ് പള്‍സാറുകള്‍.
ഇവയുടെ നിരീക്ഷണത്തിന് പ്രപഞ്ച വിജ്ഞാനീയത്തില്‍ വലിയ പ്രാധാന്യമുണ്ട്.

200 കിലോഗ്രാം ഭാരം വരുന്ന കൃത്രിമോപഗ്രഹത്തിന്‍െറ വിക്ഷേപണം വിജയകരമായിരുന്നു. എക്സ്റേ തരംഗ ദൈര്‍ഘ്യത്തിലായിരിക്കും ഇത് നിരീക്ഷണം നടത്തുക. ചൈന എയറോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഓപറേഷന്‍ എന്ന ശാസ്ത്ര സംഘമാണ് ഉപഗ്രഹം വികസിപ്പിച്ചത്.

Tags:    
News Summary - china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.