ചൈന സൈനിക ചെലവ് 7 ശതമാനം വര്‍ധിപ്പിച്ചു


ബെയ്ജിങ്: ഈ വര്‍ഷം സൈനിക ചെലവ് ഏഴു ശതമാനം വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചു. അമേരിക്കന്‍ പ്രതിരോധ ബജറ്റ് വര്‍ധനക്ക് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് ലോക ശക്തികളിലൊന്നായ ചൈനയും സമാനമായ തീരുമാനമെടുത്തിരിക്കുന്നത്.

ബെയ്ജിങ്ങില്‍ നടക്കുന്ന നാഷനല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസിന് മുന്നോടിയായാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ആയുധങ്ങളുടെ ആധുനികീകരണമടക്കമുള്ള ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ പ്രതിരോധ ബജറ്റിനെക്കാള്‍ കുറഞ്ഞതാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്ന സൈനിക ചെലവ്. എന്നാല്‍, പ്രഖ്യാപിച്ചിരിക്കുന്ന ചെലവിനെക്കാള്‍ കൂടുതല്‍ വരും യഥാര്‍ഥത്തിലെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

2017ലെ ആകെ ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 1.3 ശതമാനമാണ് സൈനിക ചെലവായി വരുകയെന്ന് ചൈനീസ് സര്‍ക്കാര്‍ വക്താവ് ഫൂ യിങ് പറഞ്ഞു. യഥാര്‍ഥ കണക്ക് ഞായറാഴ്ച പീപ്പ്ള്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കുമ്പോള്‍ സര്‍ക്കാറിലെ ഉന്നതര്‍ പ്രഖ്യാപിക്കും. ദക്ഷിണ ചൈനാ കടല്‍ അടക്കമുള്ള വിഷയങ്ങളില്‍ യു.എസിനോടും അയല്‍ രാജ്യങ്ങളോടും ഉടക്കിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സൈനിക ചെലവ് വര്‍ധിപ്പിക്കേണ്ടത് ചൈനക്ക് ആവശ്യമാണ്.
നാവിക സേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ദക്ഷിണ ചൈനാ കടലില്‍ കൃത്രിമ ദ്വീപ് നിര്‍മിക്കുന്നതിനും കൂടുതല്‍ അനുവദിക്കുന്ന സംഖ്യ ചെലവഴിക്കുമെന്നാണ് കരുതുന്നത്.

പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ് ദിവസങ്ങള്‍ക്കു മുമ്പാണ് പ്രസ്താവന നടത്തിയത്. 2018ലെ ബജറ്റില്‍ 10 ശതമാനം വര്‍ധനവിനാണ് യു.എസ് നീക്കം.

Tags:    
News Summary - china less military expances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.