ബ്രഹ്​മപുത്രയിൽ ചൈനയുടെ അണക്കെട്ട്​; ആശങ്കയോടെ ഇന്ത്യ

ബെയ്ജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ സിയാബുക്കില്‍ ചെലവേറിയ ജലവൈദ്യുതി പദ്ധതിക്കായി ചൈന കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കുന്നു. ഇന്ത്യന്‍ തീരങ്ങളില്‍ ആശങ്കക്കിടയാക്കുന്ന ജലവൈദ്യുതി പദ്ധതി ലാല്‍ഹോ എന്ന പേരില്‍ 740 മില്യണ്‍ യു.എസ് ഡോളര്‍ ചെലവിട്ടാണ് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സിക്കിമിനു സമീപത്തെ തിബത്തന്‍ പ്രദേശമായ സിഗാസെയിലാണ് ജലവൈദ്യുതി പ്രോജക്ട് വരുന്നത്. ഇവിടെനിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍പ്രദേശിലേക്ക് ഒഴുകുന്നത്.

ഏറ്റവും ചെലവേറിയതെന്ന് പറയപ്പെടുന്ന പദ്ധതി 2014ല്‍ തന്നെ ചൈന ആരംഭിച്ചിരുന്നു. 2019ല്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അണക്കെട്ടുയരുന്നതോടെ ബ്രഹ്മപുത്രയിലെ ജലപ്രവാഹം നദീതീരത്തോടു ചേര്‍ന്ന രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ളാദേശിനെയും ഏതുതരത്തിലാണ് ബാധിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

1.5 ബില്യണ്‍ യു.എസ് ഡോളര്‍ ചെലവിട്ടുള്ള സാം ജലവൈദ്യുതി പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ചൈന കമീഷന്‍ ചെയ്തത്. അപ്പോള്‍ തന്നെ ഇന്ത്യ ആശങ്കയറിയിച്ചിരുന്നു. അഞ്ചു വര്‍ഷംകൊണ്ട് ബ്രഹ്മപുത്ര നദിയില്‍ 12 ജലവൈദ്യുതി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തിന്‍െറ ഭാഗമായാണ് അണക്കെട്ടുയരുന്നത്. കേന്ദ്ര ജലവിഭവ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട രാജ്യത്തിന്‍െറ ആശങ്ക ചൈനയെ അറിയിച്ചിരുന്നു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ പുന$പരിശോധനക്കുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണ് വലിയ ആശങ്കയുമായി ചൈന വരുന്നതെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യാ-പാക് പ്രശ്നം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇരു അയല്‍രാജ്യങ്ങളും ചൈനയുമായി നല്ല ബന്ധത്തിലാണെന്നും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച്, മേഖലയിലെ സമാധാനത്തിനും വികസനത്തിനും ഇന്ത്യയും പാകിസ്താനും പരസ്പര സഹകരണത്തോടെ മുന്നോട്ടുനീങ്ങണമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പ്രതികരിച്ചത്. സിന്ധുനദീജല കരാറിലെ ചില നദികള്‍ ഉദ്ഭവിക്കുന്നത് ചൈനയില്‍നിന്നാണ്.

 

Tags:    
News Summary - China Blocks Tributary of Brahmaputra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.