കാബൂൾ: വിദേശി ഡോക്ടർമാരുൾപ്പെടെ ജോലി ചെയ്യുന്ന കാബൂളിലെ സർക്കാർ മാതൃശിശു ആശുപത്രിയിൽ തോക്കുധാരികളുടെ ആക്രമണം. മൂന്നു സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി പ്രാദേശിക വാർത്ത ഏജൻസി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. രണ്ടു കുട്ടികളുൾപ്പെടെ എട്ടുപേർക്ക് പരിക്കുണ്ട്.
ആശുപത്രി പരിസരം വളഞ്ഞ സൈന്യം തോക്കുധാരികളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമികളിലൊരാളെ വെടിവെച്ചു കൊന്നതായും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് താരീഖ് അരിയാൻ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 80 ലേറെ പേരെ ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
കാബൂളിലെ ദഷ്തി ബർചിയിലുള്ള ആശുപത്രിയിൽ ആഗോള കൂട്ടായ്മ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിെൻറ (മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് -എം.എസ്.എഫ്) പിന്തുണയോടെ മാതൃശിശു ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. ശിയാ ഭൂരിപക്ഷമുള്ള മേഖലയിൽ നേരത്തേ ഐ.എസ് ആക്രമണം നടന്നിരുന്നു.
അതിനിടെ, കിഴക്കൻ അഫ്ഗാനിലെ നങ്കഹാർ പ്രവിശ്യയിൽ വിലാപയാത്രക്ക് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കുണ്ട്. കുസ് കുനർ ജില്ലയിലെ പൊലീസ് കമാൻഡർ ശൈഖ് അക്രമിെൻറ മരണാനന്തര ചടങ്ങിനു നേരെയാണ് ആക്രമണമെന്ന് പ്രവിശ്യ ഗവർണറുടെ വക്താവ് അതാഉല്ല ഖൊഗ്യാനി പറഞ്ഞു.
വിലാപയാത്രയിൽ ആയിരങ്ങളാണ് സംബന്ധിച്ചതെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നും പരിക്കേറ്റ ആമിർ മുഹമ്മദ് പറഞ്ഞു. അഫ്ഗാൻ പാർലമെൻറ് അംഗം ഹസ്രത് അലി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. അതേസമയം ഇരുസംഭവങ്ങളിലും തങ്ങൾക്ക് ബന്ധമില്ലെന്ന് താലിബാൻ വക്താവ് സബിഉല്ല മുജാഹിദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.