അബൂബക്കര്‍ ബഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്

ബഗ്ദാദ്: അബൂബക്കര്‍ അല്‍ബഗ്ദാദിയുടെതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ ഐ.എസ് പുറത്തുവിട്ടു. സംഭവം സത്യമാണെങ്കില്‍ ഒരു വര്‍ഷത്തിനിടെ ബഗ്ദാദി പുറത്തുവിടുന്ന ആദ്യത്തെ ശബ്ദ സന്ദേശമാണിത്. മൂസില്‍ തിരിച്ചുപിടിക്കാനുള്ള ഇറാഖിസൈന്യത്തിന്‍െറ ശ്രമം ഏതുവിധേനയും തടയണമെന്ന് ഐ.എസിന് ആഹ്വാനം നല്‍കുന്നതാണ് സന്ദേശം.

 ദൈവവും അദ്ദേഹത്തിന്‍െറ സന്ദേശവാഹകനും ഞങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം എന്ന തലക്കെട്ടോടുകൂടിയതാണ് അറബി ഭാഷയിലുള്ള ശബ്ദരേഖ. ഐ.എസിന്‍െറ മാധ്യമ വിഭാഗമായ അല്‍ഫുര്‍ഖാനാണ് ഇത് പുറത്തുവിട്ടത്. ‘സൈനികരുടെ മുന്നില്‍ നെഞ്ചുറപ്പോടെ  നിലകൊള്ളുക. ദൈവം മാത്രം മതി നമ്മുടെ കൂടെ.  ഒരിക്കലും പിന്‍വാങ്ങരുത്. നാണംകെട്ട് പിന്‍വാങ്ങുന്നതിനെക്കാള്‍ ആയിരം മടങ്ങ് അന്തസ്സാണ് പിടിച്ചുനില്‍ക്കുന്നത്. സ്വന്തം മണ്ണ് തിരിച്ചുപിടിക്കാനുള്ള തുറന്ന യുദ്ധമാണിതെന്നും ശത്രുക്കളെ കൊന്ന് അവരുടെ രക്തം നദികളിലൊഴുക്കിക്കളയണമെന്നും’ 31 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ പറയുന്നു.

മൂസിലില്‍ സഖ്യസേനക്കെതിരായ പോരാട്ടത്തില്‍ ഐ.എസിന് വിജയം ഉറപ്പാണെന്നു പറയുന്ന ബഗ്ദാദി നീനവ പ്രവിശ്യയിലെ ജനങ്ങളോട് ദൈവത്തിന്‍െറ ശത്രുക്കളോട് യുദ്ധംചെയ്യാനും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍,  ശബ്ദം ബഗ്ദാദിയുടെതാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. ബഗ്ദാദിയുടെ ഒളിയിടം എവിടെയാണെന്നത് ദുരൂഹമായി തുടരുകയാണ്.ഒളിയിടം സൈന്യം വളഞ്ഞതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബഗ്ദാദി കൊല്ലപ്പെട്ടതായും നിരവധി തവണ അഭ്യൂഹം പരന്നിരുന്നു. 2015 ഡിസംബറിലാണ് ഇതിനുമുമ്പ് ബഗ്ദാദിയുടെ ശബ്ദരേഖ പുറത്തുവന്നത്. തനിക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ സഖ്യരൂപവത്കരണത്തെ പരിഹസിക്കുന്നതും ഇസ്രായേലിനെതിരെ ഭീഷണി മുഴക്കുന്നതുമായിരുന്നു ആ സന്ദേശം.  

 

Tags:    
News Summary - abubuker bagdadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.