തെൽ അവീവ്: ഇസ്രായേലിെൻറ വടക്കൻ അതിർത്തിയിൽ കഴിഞ്ഞ അഞ്ചു വർഷമായി ഉത്ഖനനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ- അമേരിക്കൻ പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം. അവർക്ക് ലഭിച്ച ഒരു ‘തല’യാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
മൂന്നു പുരാതന രാജവംശത്തിലേക്ക് വ്യാപിച്ചുകിടക്കുന്നുവെന്ന് കരുതുന്ന ഇൗ ഭൂഭാഗത്തെ ‘ആബേൽ ബേത്ത് മാകാഹ്’ എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. പഴയ നിയമത്തിൽ പരാമർശിക്കപ്പെട്ടതും എന്നാൽ, അപഗ്രഥിക്കാൻ പറ്റാത്തതുമായ ദുരൂഹതകളുള്ള പട്ടണങ്ങളിലൊന്നാണ് ഇതെന്നാണ് ഇവർ പറയുന്നത്. അഞ്ചു വർഷം മുമ്പ് കുഴിച്ചുതുടങ്ങിയ ഇൗ ഭൂഭാഗത്തിൽനിന്ന് ലഭിച്ച തലയുടെ രൂപമാണ് ഇപ്പോൾ ഗവേഷകരെ കുഴക്കുന്നത്.
ഉത്ഖനനത്തിനിടെ ഇരുമ്പ് യുഗത്തിലേതെന്നു കരുതുന്ന ഒരു പ്രതലത്തിലൂടെ കടന്നുപോയെന്നും അവിടെനിന്ന് ഒരു തലയുടെ രൂപം കണ്ടെത്തിയെന്നും പറയുന്നു. ഇതിെൻറ പഴക്കം 900 ബി.സിക്കും 800 ബി.സിക്കും ഇടയിലാണെന്നാണ് നിഗമനം.
കണ്ണാടിപോലുള്ള വസ്തുകൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നതെന്നും ഇരുമ്പ് യുഗത്തിൽ പൊതുവായി കാണപ്പെടുന്ന ആഭരണങ്ങൾ ഇത്തരത്തിലുള്ള വസ്തുകൊണ്ടാണ് നിർമിച്ചിരുന്നതെന്നും പറയുന്നു. ആരുടേതെന്ന നിഗമനത്തിൽ എത്താനാവാതെ ഇൗ ‘തല’ ഇസ്രായേൽ മ്യൂസിയത്തിൽ വെക്കാനൊരുങ്ങുകയാണ് ഗവേഷകർ.
ഇതു കണ്ടെത്തിയ ഇടം ഇസ്രായേൽ, ഡമസ്കസ്, തൈർ (ലബനാൻ) എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സാമ്രാജ്യത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്ന അതിർത്തി ദേശം ആവാനാണ് സാധ്യതയെന്നും എന്തായാലും ബൈബിളിൽ പരാമർശിതമായ ഒരു ദേശവുമായി ബന്ധപ്പെട്ട ചരിത്രം ഇൗ മണ്ണിൽ ഉറങ്ങുന്നുണ്ടാവണമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.