പെരസ്: കുരുതിയുടെയും രക്തത്തിന്‍െറയും ഓര്‍മ

‘സമാധാന സ്രഷ്ടാവിന്‍െറ വിയോഗം’ എന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസിന്‍െറ മരണവാര്‍ത്തയോട് പലരും പ്രതികരിക്കുന്നത് കേള്‍ക്കാനിടയായി. യഥാര്‍ഥത്തില്‍ ആ പേര് കേള്‍ക്കെ കുരുതിയുടെയും രക്തത്തിന്‍െറയും നിര്‍ഭയമായ ആയുധപ്രയോഗത്തിന്‍െറയും ഓര്‍മകളാണ് എന്നിലുണരുന്നത്.
ഖാനായില്‍ ഇസ്രായേലി ഭടന്മാര്‍ നടത്തിയ ക്രൂരമായ ആ സിവിലിയന്‍ ഹത്യയുടെ ദൃശ്യം എന്‍െറ ഹൃദയത്തില്‍ മായാതെ നില്‍ക്കുന്നു. ആ സംഭവത്തിന് ഞാനും സാക്ഷിയായിരുന്നു. അവയവങ്ങള്‍ നുറുങ്ങി വേര്‍പെട്ട് മരണം പുല്‍കിയ കുഞ്ഞുങ്ങള്‍, കുന്നുകൂടിയ മൃതദേഹങ്ങള്‍ക്ക് മുന്നിലിരുന്ന് അലമുറയിടുന്ന അഭയാര്‍ഥി വനിതകള്‍. ചോരയില്‍ കുതിര്‍ന്നുകിടന്ന 106 മൃതദേഹങ്ങളില്‍ പകുതിയും കുട്ടികളുടേതായിരുന്നു.
ഖാനായിലെ യു.എന്‍ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ഈ ആക്രമണം 1996ലായിരുന്നു. യാദൃച്ഛികമായി യു.എന്‍ സംഘാംഗങ്ങളോടൊപ്പം ഞാന്‍ ആ പ്രദേശത്തുണ്ടായിരുന്നു. ഞാന്‍ സഞ്ചരിച്ചിരുന്ന യു.എന്‍ ദുരിതാശ്വാസ വണ്ടിയുടെ മീതെക്കൂടിയായിരുന്നു ആ ഷെല്ലുകള്‍ മരണദൂതുമായി ചീറിപ്പാഞ്ഞിരുന്നത്. വെറും 17 മിനിറ്റുകൊണ്ട് ഇസ്രായേല്‍ വലിയൊരു സംഘം അഭയാര്‍ഥികളെ നാമാവശേഷമാക്കി.
ഷിമോണ്‍ പെരസ് പ്രധാനമന്ത്രിപദത്തിലേക്ക് ജനവിധി തേടാനിരുന്ന ഘട്ടമായിരുന്നു അത്. തന്‍െറ മുന്‍ഗാമി റബിന്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് അധികാരം ലഭിച്ച പെരസിന് സൈനികസാഹസങ്ങളിലൂടെ ജനങ്ങളുടെ കൈയടി നേടേണ്ടതാവശ്യമായിരുന്നു.
ലബനാനിലെ ഹിസ്ബുല്ല ഗറിലകള്‍ നടത്തിയ കത്യൂഷ റോക്കറ്റാക്രമണം പെരസിന് വീണുകിട്ടിയ അവസരമായിരുന്നു. അതിന് തിരിച്ചടി നല്‍കുന്നു എന്നു വരുത്തിയാണ് ഖാനായില്‍ സൈന്യത്തിന് അഴിഞ്ഞാടാന്‍ പെരസ് അനുമതി നല്‍കിയത്. ഇസ്രായേല്‍ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച ബോംബില്‍ തട്ടി ബാലന്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു ഹിസ്ബുല്ലയുടെ കത്യൂഷ റോക്കറ്റാക്രമണത്തിനുള്ള പ്രേരണ.
ഇസ്രായേല്‍ സേന ആദ്യം കാനാ മേഖലയിലെ ഹിസ്ബുല്ല സംഘത്തിന്‍െറ ശ്മശാനത്തിനുനേര്‍ക്കാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് യു.എന്‍ മേല്‍നോട്ടത്തില്‍ പരിപാലിച്ചുവരുന്ന അഭയാര്‍ഥി ക്യാമ്പിനെ ഉന്നംവെച്ചായിരുന്നു ഷെല്ലാക്രമണം. ‘ആ അഭയാര്‍ഥി ക്യാമ്പില്‍ ഇത്രയധികം പേര്‍ താമസിച്ചുവരുന്ന കാര്യം അറിയില്ലായിരുന്നു’ എന്നായിരുന്നു പെരസിന്‍െറ പ്രതികരണം. താന്‍ തീര്‍ത്തും അദ്ഭുതപ്പെട്ടുപോയെന്നും അയാള്‍ പറഞ്ഞു.
യഥാര്‍ഥത്തില്‍ ശുദ്ധകള്ളമായിരുന്നു ഈ വാക്കുകള്‍. വര്‍ഷങ്ങളായി ഖാനാ മേഖല ഇസ്രായേലി നിയന്ത്രണത്തില്‍തന്നെയായിരുന്നു. 1982ലെ അധിനിവേശം വഴിയാണ് ഇസ്രായേല്‍ ഇവിടം വെട്ടിപ്പിടിച്ചത്. അവിടെ അഭയാര്‍ഥിക്യാമ്പ് പ്രവര്‍ത്തിക്കുന്നതിന്‍െറ വിഡിയോ ചിത്രങ്ങള്‍പോലും ഇസ്രായേലിന്‍െറ കൈവശം ഉണ്ടായിരുന്നു. ക്യാമ്പ് നിരീക്ഷിക്കാന്‍ ഇസ്രായേല്‍ ഡ്രോണ്‍ വിമാനം ഉപയോഗിക്കുന്നതിന്‍െറ വിഡിയോ ചിത്രം യു.എന്‍ സൈനികന്‍ എനിക്ക് കൈമാറും വരെ ഇസ്രായേല്‍ നിഷേധ പ്രസ്താവനകള്‍ തുടര്‍ന്നു. ഞാനത് ഇന്‍ഡിപെന്‍ഡന്‍റ് പത്രം വഴി പ്രസിദ്ധീകരിക്കുകയുണ്ടായി.
അഭയാര്‍ഥി ക്യാമ്പിലെ യു.എന്‍ ഓഫിസ് കവാടത്തിനരികെ ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. രക്തഗന്ധം എന്‍െറ നാസികയിലേക്ക് ഇരച്ചുകയറി. രക്തവും മണലും കുഴഞ്ഞ് ഞങ്ങളുടെ പാദരക്ഷകളില്‍ പറ്റിച്ചേര്‍ന്നു.
കുഞ്ഞുങ്ങളുടെ തലയില്ലാത്ത ദേഹങ്ങള്‍, വൃദ്ധരുടെ ശിരസ്സുകള്‍, വേര്‍പെട്ട കരചരണങ്ങള്‍. ഒരു മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഒരു യുവാവിന്‍െറ മൃതദേഹം.
ഖാനാ കുരുതി ആസൂത്രിതമായിരുന്നുവെന്ന് യു.എന്‍ അന്വേഷണം സ്ഥിരീകരിക്കുകയുണ്ടായി. എന്നാല്‍, അതിനെ ‘സെമിറ്റിക് വിരുദ്ധം’ എന്ന് മുദ്രകുത്തി തള്ളിക്കളയുകയായിരുന്നു ഇസ്രായേല്‍.
ഏതാനും വര്‍ഷം കഴിഞ്ഞ് ഒരു സ്വതന്ത്ര ഇസ്രായേല്‍ മാസിക കുരുതിയില്‍ പങ്കെടുത്ത ഇസ്രായേല്‍ സൈനികരുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. ‘ഒരുകൂട്ടം അറബ് മുസ്ലിംകളെ ഞങ്ങള്‍ വകവരുത്തി. അതില്‍ വല്ല തകരാറുമുണ്ടോ?’ എന്നായിരുന്നു മാസികയോട് ഒരു ഇസ്രായേലി ഭടന്‍െറ പശ്ചാത്താപരഹിതമായ ആരായല്‍.
പില്‍ക്കാല വര്‍ഷങ്ങളില്‍ പെരസിന് ഏറെ മാനസാന്തരം സംഭവിച്ചിരിക്കാം. സബ്റ,ശാതില കൂട്ടക്കുരുതികള്‍ നടത്തിയ ഏരിയല്‍ ഷാരോണിനും  ക്രൈസ്തവ സഖ്യങ്ങള്‍ക്കും പെരസ് സമാധാന പുരുഷനായിരുന്നു (ഷാരോണിന് എന്തുകൊണ്ടോ നൊബേല്‍ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല).
പിന്നീട് ദ്വിരാഷ്ട്ര വാദത്തിന് പെരസ് പിന്തുണ നല്‍കി, അദ്ദേഹം തുടക്കംകുറിച്ച അനധികൃത ജൂതകോളനികള്‍ ദിനേന പെരുകുകയാണെങ്കിലും.
നമുക്കദ്ദേഹത്തെ ‘സമാധാനവാദി’ എന്നുതന്നെ വിളിക്കാം. അദ്ദേഹത്തെ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ സമാധാനം എന്ന പ്രയോഗം കടന്നുവരുന്നത് നമുക്ക് എണ്ണിനോക്കാം. ഒപ്പം ഖാനാ എന്ന നാമം എത്രതവണ പ്രത്യക്ഷപ്പെടുന്നു എന്നുകൂടി പരിശോധിക്കാന്‍ മറക്കരുത്.

 കടപ്പാട്: ദി ഇന്‍ഡിപെന്‍ഡന്‍റ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.