പാക്കിസ്താന്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന ഭീകരരാഷ്ട്രം –ഇന്ത്യ

യുനൈറ്റഡ് നാഷന്‍സ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് മണിക്കൂറുകള്‍ക്കകം ചുട്ടമറുപടിയുമായി ഇന്ത്യ.  പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്നും  ഭീകരതയുടെ പ്രായോജകരെന്ന ദീര്‍ഘകാല നയം അനുവര്‍ത്തിച്ച് യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നവരാണെന്നും ഇന്ത്യ ആരോപിച്ചു. യു.എന്നിലെ ഇന്ത്യന്‍ സ്ഥിരം സമിതിയുടെ ഫസ്റ്റ് സെക്രട്ടറി ഈനാം ഗംഭീര്‍ ആണ് നവാസ് ശരീഫിന്‍െറ ആരോപണങ്ങളെ കടുത്തഭാഷയില്‍ ഖണ്ഡിച്ചത്.  യു.എന്‍ ഭീകരവാദികളായി മുദ്രകുത്തിയവര്‍ പാകിസ്താനിലെ തെരുവുകളിലൂടെ നിര്‍ഭയം വിലസുകയാണെന്നും അവര്‍ ആ രാജ്യത്തിന്‍െറ പിന്തുണയോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണെന്നും ഗംഭീര്‍ പറഞ്ഞു. ഭീകരത നയമായി കൊണ്ടുനടക്കുമ്പോള്‍ അത് യുദ്ധക്കുറ്റമായി മാറും. ഇന്ത്യയും അയല്‍രാജ്യങ്ങളും പാകിസ്താന്‍െറ ഭീകരവാദ പ്രോത്സാഹന നയത്തിന്‍െറ ഇരകളാണ്. അതിന്‍െറ ആഘാതം രാജ്യാതിര്‍ത്തിവിട്ടും വ്യാപിക്കുകയാണ് -ഇന്ത്യ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ ഉപാധികളില്ലാത്ത ഉഭയകക്ഷി ചര്‍ച്ച വേണമെന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ആവശ്യവും ഇന്ത്യ തള്ളി. ഭീഷണിയും പൊങ്ങച്ചവും വസ്തുതകളുടെ പൂര്‍ണമായ നിരാകരണവുമാണ് നവാസ് ശരീഫ് പൊതുസഭയിലെ പ്രസംഗത്തിലൂടെ നടത്തിയതെന്ന്  വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ യു.എന്നില്‍ പറഞ്ഞു. കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ചത് സ്വയം കുറ്റാരോപണം നടത്തുന്നതിന് തുല്യമാണെന്നും അക്ബര്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്‍െറ അഭാവമുള്ള രാജ്യമാണ് പാകിസ്താനെന്നും അവര്‍ സ്വന്തം ജനതക്കിടയിലും ഭീകരവാദം പ്രയോഗിക്കുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.  പുരാതന വിദ്യാകേന്ദ്രമായ തക്ഷശിലയുടെ നാട് ഇന്ന് ഭീകരതയുടെ ‘ഐവി ലീഗ്’ ആയി മാറിയിരിക്കുന്നു.  ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായി പേരെടുത്ത ഒരു രാജ്യം മനുഷ്യാവകാശ ലംഘനത്തെപ്പറ്റി സംസാരിക്കുന്നത് വിരോധാഭാസമാണ്. ഇന്ത്യക്കെതിരെ യു.എന്‍ പൊതുസഭയില്‍ ആരോപണമുന്നയിക്കുന്നതിന് തൊട്ടുമുമ്പായി പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി വിശദീകരണം തേടിയെന്നും കശ്മീരിലെ ഉറിയില്‍ 18 സൈനികരെ ഭീകരര്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇതെന്നും ഈനാം ഗംഭീര്‍ ചൂണ്ടിക്കാട്ടി.

നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ രണ്ടിടത്തുണ്ടായ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു. പാക്കധീന കശ്മീരിലെ അതിര്‍ത്തി വഴിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ  ഭീകരര്‍ എത്തിയതെന്ന് സൈന്യം അറിയിച്ചു.  ഞായറാഴ്ച ഭീകരാക്രമണമുണ്ടായ ഉറി-നൗഗം മേഖലകളില്‍ തിരച്ചില്‍ തുടരുകയാണ്. സൈന്യത്തിന്‍െറ ഉറി ഓപറേഷനില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും ഇതുവരെ ആരുടെയും മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ വടക്കന്‍ കശ്മീരിലെ ബന്ദിപ്പൊരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെതുടര്‍ന്ന് അരഗം ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.