ഭീകരതക്കെതിരെ നടപടി ശക്തമാക്കണം –മോദി

ഹാങ്ഷൂ (ചൈന): ഭീകരതയെയും അതിന് പ്രോത്സാഹനം നല്‍കുന്നവരെയും ഒറ്റപ്പെടുത്തി ഭീകരതക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഹുവാങ്ചോയില്‍ ഞായറാഴ്ച ആരംഭിച്ച ജി20 ഉച്ചകോടിക്ക് മുന്നോടിയായി ബ്രിക്സ് രാജ്യങ്ങള്‍ നടത്തിയ അനൗപചാരിക യോഗത്തിലാണ് പ്രധാനമന്ത്രി ആവശ്യമുന്നയിച്ചത്.

ദക്ഷിണേഷ്യയിലും മറ്റിടങ്ങളിലും ഭീകരപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സ്വന്തമായ ബാങ്കുകളോ ആയുധശാലകളോ ഇല്ളെന്നത് വസ്തുതയാണ്. ചിലര്‍ ഇവര്‍ക്ക് ആയുധങ്ങളും സമ്പത്തും നല്‍കി സഹായിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. ഭീകരതയെ ചെറുക്കുക മാത്രമല്ല ഭീകരതയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയും വേണമെന്ന് പാകിസ്താന്‍െറ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. മൗലികവാദ പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതും ഭീകരത വളരുന്നതിന്‍െറ ഒരു വശമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 15ന് ഗോവയില്‍ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് ജി2 വേദിയില്‍ ബ്രിക്സ് രാജ്യങ്ങള്‍ യോഗം ചേര്‍ന്നത്. ചടുലവും വിശാലവും സമഗ്രവുമായ പരിഹാരം എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയമെന്ന് പ്രധാനമന്ത്രി ഉണര്‍ത്തി. ബ്രസീല്‍ പ്രസിഡന്‍റ് മിഷേല്‍ ടമര്‍, ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ എന്നിവര്‍ യോഗത്തിലുണ്ടായിരുന്നു.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും മറ്റു ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് മോദി ഒബാമയുമായി സംസാരിച്ചത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍, സൗദി ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുമായി മോദി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, അര്‍ജന്‍റീന പ്രസിഡന്‍റ് മൗറീഷ്യോ മാക്രി എന്നിവരെ കാണും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.