ചൈനയും യു.എസും പാരിസ് ഉടമ്പടി അംഗീകരിച്ചു


ബെയ്ജിങ്: കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിച്ച് ആഗോള താപനം തടയുന്നതിനു  നിലവില്‍വന്ന ചരിത്രപരമായ പാരിസ് ഉടമ്പടി  ചൈനയും യു.എസും ശരിവെച്ചു. ജി-20 ഉച്ചകോടിക്കുമുമ്പായി ചൈനയില്‍ നടന്ന പ്രത്യേക ചടങ്ങില്‍  ഇതുസംബന്ധിച്ച  രേഖകള്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കൈമാറി. കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രണ്ടു രാജ്യങ്ങളും ഭൂമിയെ  ആഗോളതാപനത്തില്‍നിന്ന് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പിക്കുകയാണ് ഇതുവഴി. യു.എസും ചൈനയുമാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഏതാണ്ട് 40 ശതമാനവും ഭൂമിയിലേക്ക്  പുറംതള്ളുന്നത്.  

ആഗോള താപനത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് യു.എസ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു. ആഗോള താപനത്തിനെതിരെയുള്ള നാഴികക്കല്ലാണിതെന്ന് ഷി ജിന്‍പിങ് പറഞ്ഞു. ലോകത്തിന്‍റ നന്മക്കാണീ തീരുമാനം. അമേരിക്കയും ചൈനയും പാരിസ് ഉടമ്പടി അംഗീകരിച്ചതോടെ ബ്രിട്ടനും സമ്മര്‍ദത്തിലായിരിക്കയാണ്.സൈബര്‍ ഹാക്കിങ്, ദക്ഷിണ ചൈനാ കടലിലെ അവകാശവാദവും ദക്ഷിണ കൊറിയയില്‍  പ്രതിരോധ മിസൈല്‍ സിസ്റ്റം സ്ഥാപിക്കാനുള്ള യു.എസിന്‍െറ തീരുമാനവും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം അടുത്തിടെ ഉലച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കരാര്‍ അംഗീകരിക്കുന്നതിന് ചൈന സന്നദ്ധത അറിയിച്ചത്. ചരിത്രകരാറിനെ പിന്തുണക്കുമെന്ന് ചൈനീസ് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കരാറിനെക്കുറിച്ച് അവലോകനം ചെയ്യാനും നിരുപാധിക പിന്തുണക്കും നാഷനല്‍ പീപ്ള്‍സ് കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചതോടെയാണിത്.

ഞായറാഴ്ച തുടങ്ങുന്ന ജി-20 ഉച്ചകോടിയില്‍ ആഗോളതാപന വിഷയത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്  തീരുമാനം. ആഗോളതാപനം കുറക്കുന്നതിനും സുസ്ഥിരവികസനത്തിനുമായി കല്‍ക്കരി ഖനികളും സ്റ്റീല്‍ മില്ലുകളും അടച്ചുപൂട്ടുമെന്നും ചൈന വ്യക്തമാക്കി. നീലാകാശവും പച്ചപ്പും ശുദ്ധജലവുമുള്ള സുന്ദരവും ഏറ്റവും വാസയോഗ്യവുമായ ഇടമാക്കി ചൈനയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.

 രണ്ടാഴ്ചത്തെ ഉന്നതതല കൂടിയാലോചനകള്‍ക്കും ശേഷം കഴിഞ്ഞ ഡിസംബറില്‍ നിലവില്‍വന്ന പാരിസ് ഉടമ്പടിയെ 55 രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു.  
പ്രസിഡന്‍െറന്ന നിലയില്‍ ഏഷ്യന്‍രാജ്യങ്ങളിലേക്കുള്ള ബറാക് ഒബാമയുടെ അവസാന പര്യടനമാവും ചൈനയിലേത്.  ഞായറാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യുമായും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും ഒബാമ കൂടിക്കാഴ്ച നടത്തും. തുര്‍ക്കിയിലെ പട്ടാള അട്ടിമറിശ്രമം ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ഉലച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.