സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നതായി പാക് സര്‍വകക്ഷികള്‍

ഇസ്ലാമാബാദ്: സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നതായി പാകിസ്താനിലെ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍.  ഇന്ത്യക്കെതിരെ താക്കീത് നല്‍കിയ സര്‍വകക്ഷി യോഗം ബലൂചിസ്താനിലെ ഇന്ത്യന്‍ ഇടപെടലുകളെയും അപലപിച്ചു. പ്രധാനമന്ത്രി  നവാസ് ശരീഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം ‘പ്രകോപനമില്ലാതെയുള്ള ഇന്ത്യന്‍ ആക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനവും മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന്’  സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍സേന നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന്‍െറയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് വിവിധ കക്ഷി നേതാക്കളുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്.

പ്രധാനമന്ത്രിയും മന്ത്രിമാരും നിയന്ത്രണരേഖയിലെ പ്രശ്നങ്ങള്‍  യോഗത്തില്‍ വിശദീകരിച്ചു. കശ്മീരിലെ അടിച്ചമര്‍ത്തലുകളില്‍നിന്നും  ക്രൂരതകളില്‍നിന്നും ജനശ്രദ്ധതിരിക്കാനാണ് ഇന്ത്യന്‍ ശ്രമമെന്ന് പാക് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സിന്ധു നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച്  56 വര്‍ഷം പഴക്കമുള്ള കരാര്‍ ദുര്‍ബലപ്പെടുത്താനാണ്  ഇന്ത്യയുടെ ശ്രമം. പാകിസ്താനെതിരെ മാത്രമല്ല, മേഖലയിലെ ജനങ്ങള്‍ക്കെതിരെ ജലം ആയുധമാക്കുന്നത് അന്താരാഷ്ട്ര കരാറുകള്‍ക്കും വ്യവസ്ഥകള്‍ക്കുമെതിരായ നീക്കമാണ്. അതിര്‍ത്തിയിലെ സംഘര്‍ഷം നേരിടുന്നതില്‍  സര്‍ക്കാറിന് സര്‍വകക്ഷികള്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.