ഇസ്രായേല്‍ ഐക്യസര്‍ക്കാര്‍ ലേബര്‍ പാര്‍ട്ടി നെതന്യാഹുവുമായി ധാരണയായെന്ന് റിപ്പോര്‍ട്ട്

ജറൂസലം: രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുമായി ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപവത്കരണത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അംഗീകാരം നല്‍കിയതായി സൂചന. കഴിഞ്ഞയാഴ്ചകളില്‍ ഇതുസംബന്ധിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ഐസക് ഹെര്‍സോഗുമായി ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഹത്നുവ പാര്‍ട്ടിയുമായി ചേര്‍ന്ന് ഹെര്‍സോഗ് രൂപം നല്‍കിയ സയണിസ്റ്റ് യൂനിയനാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷം. ഈ സഖ്യം നെതന്യാഹുവിന്‍െറ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്‍െറ ഭാഗമായാല്‍ അത് ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ, നെതന്യാഹുവിന്‍െറ നീക്കങ്ങളെ ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് കാണുന്നത്.
120 അംഗ ഇസ്രായേല്‍ പാര്‍ലമെന്‍റില്‍ ലിക്കുഡ് പാര്‍ട്ടിക് 30 സീറ്റാണുള്ളത്. ജ്യൂയിഷ് ഹോം, കുലാനു തുടങ്ങിയ ചെറു പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭരണസഖ്യം കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റ് നേടിയിരിക്കുന്നത്. സയണിസ്റ്റ് യൂനിയന് 24 സീറ്റുണ്ട്. സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയക്കാരനായ ഹെര്‍സോഗ്  2005-11 കാലത്ത് വിവിധ വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹെര്‍സോഗ് സര്‍ക്കാറിന്‍െറ ഭാഗമാകുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐക്യസര്‍ക്കാര്‍ യാഥാര്‍ഥ്യമായാല്‍, ഈജിപ്തിന്‍െറ മധ്യസ്ഥതയില്‍ പുതിയ ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചക്ക് തുടക്കമാകുമെന്ന് ജറൂസലം പോസ്റ്റ്  റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ലേബര്‍ പാര്‍ട്ടിയെ സഖ്യത്തിലെടുക്കുന്നതിനെതിരെ ലിക്കുഡ് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.