തുര്‍ക്കി പ്രത്യേക ദൗത്യ സംഘം സിറിയയില്‍

അങ്കാറ: തങ്ങളുടെ പ്രത്യേക ദൗത്യ സംഘം സിറിയയില്‍ പ്രവേശിച്ചതായി തുര്‍ക്കി ഭരണകൂടം സ്ഥിരീകരിച്ചു. ‘സൈനിക നിരീക്ഷണ ദൗത്യം’ എന്നു പേരിട്ടിരിക്കുന്ന നീക്കം ശനിയാഴ്ചയാണ് ആരംഭിച്ചതെന്നും തുര്‍ക്കി വ്യക്തമാക്കി. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി പ്രവിശ്യയായ കിലിസിനെ ഐ.എസ് ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുകയാണ് സൈനിക നീക്കത്തിന്‍െറ ലക്ഷ്യമെന്നാണ് കരുതുന്നത്. ആദ്യ ദിനം തന്നെ, 55 ഐ.എസ് തീവ്രവാദികളെ വകവരുത്തിയതായി തുര്‍ക്കി സൈനിക വൃത്തങ്ങളും വെളിപ്പെടുത്തി.
തുര്‍ക്കി അതിര്‍ത്തിയില്‍ ഐ.എസിന്‍െറ മൂന്ന് വാഹനങ്ങളും മൂന്ന് റോക്കറ്റ് ലോഞ്ചറുകളും സൈന്യം തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കിലിസില്‍ ഐ.എസ് ആക്രമണം ശക്തമാക്കിയിരുന്നു. ഈ വര്‍ഷം പ്രവിശ്യയില്‍ 20 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഇവിടെ ഐ.എസ് റോക്കറ്റാക്രമണവും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൈന്യം നേരിട്ടുള്ള പ്രത്യാക്രമണത്തിന് മുതിര്‍ന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐ.എസിനെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ളെന്ന് ഇവിടുത്തെ സന്നദ്ധ സംഘടനകള്‍ വിമര്‍ശമുന്നയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന തുര്‍ക്കി പ്രവിശ്യകൂടിയാണ് കിലിസ്. ഇവിടെ 1.15ലക്ഷം സിറിയക്കാരുണ്ടെന്നാണ് കണക്ക്. കിലിസിലെ തുര്‍ക്കിക്കാരെക്കാള്‍ കൂടുതലാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.