ചാവേറായിരുന്നുവെന്ന് സലാഹ് അബ്ദുസ്സലാം

ബ്രസല്‍സ്: ഐ.എസിന്‍െറ അനുയായി ആയിരുന്നുവെന്നു സലാഹ് അബ്ദുസ്സലാം സമ്മതിച്ചു. ആക്രമണത്തിനിടെ സ്വയംപൊട്ടിത്തെറിക്കാനായിരുന്നു പദ്ധതിയിട്ടത്. അവസാനനിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഫ്രഞ്ച്-ബെല്‍ജിയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലായിരുന്നു സലാഹിന്‍െറ കുറ്റസമ്മതം. അന്ന് സലാഹിന്‍െറ സഹോദരന്‍ ബ്രഹീമും ചാവേറുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. ബ്രഹീം ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. സലാഹ് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം പിടികൂടിയ ഐ.എസ് അനുഭാവിയെയും ചോദ്യംചെയ്യുന്നുണ്ട്. മോളെന്‍ബീക്കില്‍ താമസിച്ച് ബാര്‍നടത്തുകയായിരുന്നു സലാഹും സഹോദരനും. സലാഹിനെ പിടികൂടാന്‍ നാലു മാസമായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പിടികൂടിയത് സലാഹിനെ തന്നെയാണെന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സോ മോളിന്‍സ് സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം ബ്രസല്‍സിലെ മോളെന്‍ബീക്കില്‍ നടന്ന റെയ്ഡിനിടെയാണ് പൊലീസ് സലാഹിനെ പിടികൂടിയത്. തിരച്ചിലിനിടെ സലാഹിന്‍െറ വലതുകാലിന് വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ആമിനെ ചൗക്രി എന്ന മോണിര്‍ അഹ്മദ് അലാദിനെ കൂടാതെ മോളെന്‍ബീക്കില്‍ സലാഹിന് അഭയംനല്‍കിയ വീട്ടിലെ മൂന്നുപേരെയും ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സലാഹിന്‍െറ അറസ്റ്റിനെ തുടര്‍ന്ന് ഫ്രാന്‍സ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംശയം തോന്നുന്ന ആരെയും അതിര്‍ത്തി കടത്തിവിടരുതെന്നാണ് പൊലീസിന് നല്‍കിയ നിര്‍ദേശം. സലാഹിനെ വിട്ടുകിട്ടാനായി ഫ്രാന്‍സ് ശ്രമംതുടങ്ങിയിട്ടുണ്ട്.
ഫ്രാന്‍സിലേക്ക് കടത്താനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് സലാഹിന്‍െറ അഭിഭാഷകന്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.