സോള്‍: യു.എന്‍ ഉപരോധം നിലവില്‍വന്ന് മണിക്കൂറുകള്‍ക്കകം ഉത്തര കൊറിയ ജപ്പാന്‍ കടലിലേക്ക് ഹ്രസ്വദൂര മിസൈലുകള്‍(പ്രൊജക്റ്റൈല്‍സ്) തൊടുത്തതതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ കിഴക്കന്‍ തീരത്തുനിന്ന് ആറു പ്രൊജക്റ്റൈല്‍സുകളാണ് വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു. പ്രൊജക്റ്റൈല്‍സ് എന്നാല്‍ മിസൈലുകളുടെയും റോക്കറ്റുകളുടെയും ചെറുപതിപ്പാണ്. വിക്ഷേപിച്ചത് മിസൈല്‍ തന്നെയാണോ എന്നതിനെക്കുറിച്ച് ദക്ഷിണ കൊറിയ പരിശോധിച്ചുവരികയാണ്.
ലോകരാജ്യങ്ങളുടെ വിലക്കുകള്‍ അവഗണിച്ച് ആണവ പരീക്ഷണവും ദീര്‍ഘദൂര റോക്കറ്റും വിക്ഷേപിച്ചതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം. കഴിഞ്ഞ ജനുവരിയില്‍ നാലാമത്തെ ആണവ പരീക്ഷണം നടത്തിയത്. ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് 2006 മുതലാണ് ഉത്തര കൊറിയക്കെതിരെ യു.എന്‍ ഉപരോധം തുടങ്ങിയത്.
വിലക്കുകള്‍ക്ക് പുല്ലുവില കല്‍പിക്കുന്ന ഉത്തര കൊറിയക്കെതിരെ നടപടികള്‍ക്കായി യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരുന്നതിന് യു.എസും ചൈനയും ചര്‍ച്ച നടത്തിവരികയായിരുന്നു. വോട്ടെടുപ്പില്‍ 15 അംഗരാജ്യങ്ങള്‍ പങ്കെടുത്തു. ലോക രാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുന്ന തരത്തില്‍ ഉത്തര കൊറിയക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയമാണ് രക്ഷാസമിതി ഐകകണ്ഠ്യേന പാസാക്കിയത്.
ഉപരോധം കടുക്കുന്നതോടെ ഉത്തര കൊറിയ സാമ്പത്തികരംഗം തകര്‍ച്ച നേരിടുമെന്നാണ് വിലയിരുത്തല്‍. ആണവ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കളും സ്വര്‍ണം, ധാതുക്കള്‍, വിമാന ഇന്ധനം എന്നിവ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ ഉത്തര കൊറിയയിലേക്ക് ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കും. മറ്റുരാജ്യങ്ങള്‍ ഉത്തര കൊറിയയുമായി ആയുധവ്യാപാരത്തിനും സൈനിക സഹകരണത്തിനും വിലക്കുണ്ട്. മിസൈല്‍-ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നീക്കമുണ്ട്. ഉത്തര കൊറിയയിലേക്കും തിരിച്ചുമുള്ള ചരക്കുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും.
കൂടാതെ ഉത്തര കൊറിയയിലെ 16 പൗരന്മാരെയും 12 സ്ഥാപനങ്ങളും 31 കപ്പലുകളും യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍െറ വലംകൈയും സൈനികമേധാവിയുമായ ഹ്വാങ് പ്യോങും ഉള്‍പ്പെടുന്നു. ഉപരോധം വ്യാപകനാശത്തിനാണെന്ന് ഉത്തര കൊറിയ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.