ഹൈഡ്രജന്‍ ബോംബ് പരീക്ഷണം: ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി: ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചുവെന്ന പ്രഖ്യാപനം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു. സംഭവത്തില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സമാധാനവും സുസ്ഥിരതയും നഷ്ടമാക്കുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ ഉത്തര കൊറിയയോടാവശ്യപ്പെട്ടു. ഉത്തര കൊറിയ വീണ്ടും അന്താരാഷ്ട്രധാരണ ലംഘിച്ചുവെന്നത് അപലപനീയമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഉത്തര കൊറിയയുടെ പ്രകോപനത്തോട് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുമെന്ന് യു.എസ് ആഭ്യന്തരമന്ത്രാലയവക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മേഖലയിലെ തങ്ങളുടെ സുഹൃത്തുക്കളെ സംരക്ഷിക്കും.
ഉത്തരകൊറിയയുടെ അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ളെന്നും യു.എസ് വ്യക്തമാക്കി. പരീക്ഷണം സ്ഥിരീകരിക്കാനായിട്ടില്ളെങ്കിലും ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി പ്രമേയങ്ങളുടെ ഏതുവിധേനയുള്ള ലംഘനവും അപലപനീയമാണ്. മേഖലയിലെ പങ്കാളികളുമായിച്ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയാണെന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു. സംഭവത്തത്തെുടര്‍ന്ന് യു.എന്‍ രക്ഷാസമിതി ന്യൂയോര്‍ക്കില്‍ അടിയന്തരയോഗം ചേര്‍ന്നു. ഐക്യരാഷ്ട്രസഭയും ജപ്പാനുമാണ് യോഗംവിളിച്ചത്. ഉത്തര കൊറിയയുടെ അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ളെന്നും ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ അപലപിക്കുന്നുവെന്നും അന്താരാഷ്ട്രകരാറുകള്‍ പിന്തുടരാന്‍ ഉത്തര കൊറിയയോടാവശ്യപ്പെടുന്നുവെന്നും യു.എന്‍ മിഷന്‍ വക്താവ് ഹാഗര്‍ ഷെമാലി പറഞ്ഞു.  
വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ ദക്ഷിണ കൊറിയയിലെ ദേശീയ സുരക്ഷാകൗണ്‍സില്‍ അടിയന്തരയോഗം ചേര്‍ന്നു. തങ്ങളുടെ ദേശീയസുരക്ഷക്കും ഭാവിക്കും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാണ് നീക്കമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക്  ഗ്യുന്‍ഹെ അഭിപ്രായപ്പെട്ടു. ആണവപരീക്ഷണത്തിന് ഉത്തര കൊറിയ വിലകൊടുക്കേണ്ടിവരുമെന്നും യു.എന്‍ സുരക്ഷാകൗണ്‍സിലിന്‍െറ അധിക ഉപരോധമുള്‍പ്പെടെ നടപടികളുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
 

അണുബോംബിനേക്കാള്‍ നൂറ് മടങ്ങ് ശക്തി

രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ സൈന്യം ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ നൂറ് മടങ്ങ് ശക്തിയുള്ള ആണവായുധമാണ് ഹൈഡ്രജന്‍ ബോംബുകള്‍. ആറ്റംബോംബും ഹൈഡ്രജന്‍ ബോംബും രണ്ടുവിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേത് അണുവിഘടന പ്രക്രിയവഴിയാണ് നടക്കുന്നത്. ഇവിടെ, പ്ളൂട്ടോണിയം ആറ്റത്തെ ചെറു അണുക്കളായി വിഘടിപ്പിക്കുകയും അതുവഴി വന്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്ളൂട്ടോണിയം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു അണുബോംബ് തന്നെ ഏറെ ശക്തമായിരിക്കും. ഹൈഡ്രജന്‍ ബോംബ് അണുസംയോജന പ്രക്രിയ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. അഥവാ, ഹൈഡ്രജന്‍ പോലുള്ള ചെറു ആറ്റങ്ങള്‍ സംയോജിപ്പിക്കുകയും അതിലൂടെ വലിയ അളവില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുകയുമാണ് ഇവിടെ. ഫിഷന്‍ ഊര്‍ജത്തേക്കാള്‍ നൂറ് മടങ്ങെങ്കിലും അധികമായിരിക്കും ഫ്യൂഷന്‍ വഴി ലഭിക്കുന്ന എനര്‍ജി. ഒരു ഹൈഡ്രജന്‍ ബോംബിന്‍െറ പ്രവര്‍ത്തനം ഏറെ സങ്കീര്‍ണമാണ്. ഒരു വലിയ ബോംബില്‍ രണ്ടു ബോംബുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അതിനെ സാമാന്യമായി പറയാം. ഹൈഡ്രജന്‍ ബോംബിന്‍െറ നിര്‍മാണം അത്ര എളുപ്പമല്ല. ഫ്യൂഷന്‍ പ്രതിപ്രവര്‍ത്തനം നടക്കണമെങ്കില്‍ കോടിയിലധികം സെന്‍റിഗ്രേഡ് അളവില്‍  താപം ആവശ്യമാണ്. അതുകൊണ്ടുതന്നെ, ആദ്യം ഒരു ഫിഷന്‍ പ്രവര്‍ത്തനം നടത്തി ആവശ്യമായ ചൂട് ഉല്‍പാദിപ്പിച്ചുവേണം ഹൈഡ്രജന്‍ ബോംബ് ഉണ്ടാക്കാന്‍. അതിനായി സാധാരണഗതിയല്‍  അണുബോംബ് ഉപയോഗിച്ചാണ് ഈ താപനില ആര്‍ജിക്കുക. ചെറിയ വലുപ്പത്തിലുള്ള ഹൈഡ്രജന്‍ ബോംബുകള്‍ നിര്‍മിച്ചുകഴിഞ്ഞാല്‍ അത് മിസൈലിലും മറ്റും ഘടിപ്പിച്ച് ഉപയോഗിക്കാന്‍ എളുപ്പമാണ്. ചരിത്രത്തില്‍ ആറ്റംബോബ് ഉപയോഗിച്ചതിന്‍െറ പ്രത്യാഘാതങ്ങള്‍ ഹിരോഷിമയിലും നാഗസാക്കിയിലും നാം കണ്ടതാണ്. രണ്ട് നഗരങ്ങളെ തന്നെ അത്  ഇല്ലാതാക്കി. ഹൈഡ്രജന്‍ ബോംബ് ഇതുവരെ ആരും യുദ്ധവേളയില്‍ ഉപയോഗിച്ചിട്ടില്ല. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുടെ കൈവശം ഹൈഡ്രജന്‍ ബോംബുകള്‍ ഉണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.