ഉത്തരകൊറിയ ദീർഘ ദൂര റോക്കറ്റ് വിക്ഷേപിച്ചു

പ്യോങ്യാങ്: ലോക ശക്തികളുടെ വിലക്കുകള്‍ അവഗണിച്ച് ഉത്തര കൊറിയ ഉപഗ്രഹം വഹിക്കാവുന്ന ദീർഘ ദൂര റോക്കറ്റ് വിക്ഷേപിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് വിക്ഷേപണം നടത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഭൂമിയെ നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ക്വാങ്യോങ് സോങ് ഉപഗ്രഹവും ദീർഘ ദൂര റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്.

വടക്ക് പടിഞ്ഞാറൻ ഉത്തര കൊറിയയിലെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന റോക്കറ്റ് ജപ്പാന്‍റെ തെക്കൻ ഒക്കിനാവോ ദ്വീപുകളെ മറികടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഫെബ്രുവരി 16ന് വിക്ഷേപണം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്‍റെ പിതാവ് കിം ജോങ് ഇല്ലിന്‍റെ ജന്മദിനം പ്രമാണിച്ച് നേരത്തെയാക്കുകയായിരുന്നു.

ഉത്തര കൊറിയയുടെ നടപടിയെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി അപലപിച്ചു. വലിയ പ്രകോപനമാണ് ഉത്തര കൊറിയ നടത്തിയിട്ടുള്ളത്. എന്നാൽ, പുതിയ നീക്കം കൊറിയൻ ഉപദ്വീപിന്‍റെ സുരക്ഷക്ക് ഭീഷണിയാവില്ലെന്നും കെറി വ്യക്തമാക്കി. എന്നാൽ, ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയയുടെ യോൻഹാവ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിക്ഷേപണത്തിനെതിരെ യു.എസ്, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനാണ് ഉത്തര കൊറിയയുടെ തയാറെടുപ്പെന്നും ഉപഗ്രഹ വിക്ഷേപണത്തിലൂടെ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിക്കലാണ് ലക്ഷ്യമെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നു. പുതിയ മിസൈലിന് അമേരിക്ക വരെ എത്താന്‍ ശേഷിയുണ്ടെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്.

എന്നാല്‍, ബഹിരാകാശ പദ്ധതികളുടെ ഭാഗമായുള്ള പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ നിലപാട്. ജനുവരി ആറിന് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തു വന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.