മ്യാന്മറിന് പുതുചരിത്രം; എന്‍.എല്‍.ഡി എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

യാംഗോന്‍: മ്യാന്മറിന് പുതുചരിത്രം കുറിച്ച് ജനാധിപത്യ നേതാവ് ഓങ്സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയുടെ എം.പിമാര്‍ പാര്‍ലമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്തു. ഇവരിലേറെ പേരും പട്ടാള കാലത്ത് രാഷ്ട്രീയ തടവുകാരായി കഴിഞ്ഞവരാണ്. 50 വര്‍ഷത്തിനുശേഷം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഇനി രാജ്യം ഭരിക്കുകയെന്ന പ്രതീക്ഷയിലണ് മ്യാന്മര്‍ ജനത. നവംബറിലെ തെരഞ്ഞെടുപ്പില്‍ യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്മെന്‍റ് പാര്‍ട്ടിയെ പരാജയപ്പെടുത്തി 80 ശതമാനം സീറ്റുകള്‍ നേടിയാണ് എന്‍.എല്‍.ഡി വിജയിച്ചത്.
‘രണ്ടാം തവണയാണ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ ഏറെ പ്രത്യേകതയുണ്ട്. കാരണം എന്‍.എല്‍.ഡിക്കാണ് വന്‍ ഭൂരിപക്ഷം. എല്ലാവരും വരുന്നത് വ്യത്യസ്തമായ സാഹചര്യത്തില്‍നിന്നാണ്. അതിനാല്‍ വൈവിധ്യം ഉറപ്പുനല്‍കുന്നു’ -പാര്‍ലമെന്‍റിലേക്ക് പ്രവേശിച്ച സൂചി മാധ്യമങ്ങളോട് പറഞ്ഞു. സൂചിയുടെ അടുത്ത അനുയായിയും എം.പിയുമായ വിന്‍ മിയ്ന്‍റ് സ്പീക്കറായി അധികാരമേറ്റു. നേരത്തേ നിശ്ചയിച്ചിരുന്നപോലെ യു.എസ്.ഡി.പിയുടെ ടി ഖുന്‍ മ്യാത് ആണ് ഡെപ്യൂട്ടി സ്പീക്കര്‍.
മക്കള്‍ക്കും മരിച്ചുപോയ ഭര്‍ത്താവിനും വിദേശപൗരത്വമുള്ളതിനാല്‍ സൂചിക്ക് പ്രസിഡന്‍റാവാന്‍ കഴിയില്ല. അതേസമയം, പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നയാളെക്കുറിച്ച് പാര്‍ട്ടി സൂചന നല്‍കിയില്ല. അതേക്കുറിച്ച് ധാരണയായിട്ടില്ളെന്നും സമയമാവുമ്പോള്‍ അറിയിക്കാമെന്നും എന്‍.എല്‍.ഡി വക്താവ് സയാര്‍ തോ അറിയിച്ചു.
പ്രസിഡന്‍റ് തൈന്‍ സൈന്‍ മാര്‍ച്ച് അവസാനമാണ് അധികാരമൊഴിയുക. 25 ശതമാനം സീറ്റുകള്‍ സൈന്യത്തിന് സംവരണം ചെയ്തതിനാല്‍ ഭരണത്തിന്‍െറ മുഖ്യസ്ഥാനത്ത് തുടരും. 1962ലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. മ്യാന്മര്‍ പട്ടാളഭരണത്തിനു കീഴിലെ അവസാന പാര്‍ലമെന്‍റ് സമ്മേളനം എം.പിമാര്‍ ആഘോഷമാക്കിയിരുന്നു. ഭരണമൊഴിയുന്ന സര്‍ക്കാറിന് ആദരസൂചകമായി എന്‍.എല്‍.ഡിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.