ഇംറാന്‍െറ സഹോദരനെ മരണം തിരിച്ചുവിളിച്ചു

ബൈറൂത്: ഐലന്‍ കുര്‍ദിക്കു ശേഷം സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍െറ ദുരന്ത ചിത്രമായി ലോക മന:സാക്ഷിയെ പിടിച്ചുലച്ച നാലു വയസ്സുകാരന്‍ ഇംറാന്‍ ദഖ്നീശിന്‍െറ മൂത്ത സഹോദരനെ മരണം തിരിച്ചുവിളിച്ചു. വടക്കന്‍ സിറിയയിലെ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തിയ അലി ദഖ്നീശ് എന്ന പത്തു വയസ്സുകാരനാണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. അലപ്പോയില്‍ ആഗസ്റ്റ് 17ന് നടന്ന ബോംബാക്രമണത്തില്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അലിയുടെ അവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു. ഇംറാനെയും രണ്ടു സഹോദരങ്ങളെയും മാതാപിതാക്കളെയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തുന്ന വിഡിയോയും ചോര ഒഴുകിപ്പരക്കുന്ന മുഖവുമായി നിര്‍വികാരനായി ആംബുലന്‍സില്‍ ഇരിക്കുന്ന അവന്‍െറ ചിത്രവും ലോകത്തെ കണ്ണീരിലാഴ്ത്തിയിരുന്നു.
തെരുവില്‍ ബുധനാഴ്ച അലിയും ഇംറാനും കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴായിരുന്നു മരണവാറന്‍റുമായി ബോംബ് പതിച്ചത്. ആക്രമണത്തില്‍ അവരുടെ വീട് നാമാവശേഷമായി. കുടുംബാംഗങ്ങള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

അലിയുടെ മരണവിവരമറിഞ്ഞ് സിറിയന്‍ ആക്ടിവിസ്റ്റായ കെനാന്‍ റഹ്മാനി ഇങ്ങനെ കുറിച്ചു: ‘ഇംറാന്‍ സിറിയയുടെ സഹനത്തിന്‍െറ പ്രതീകമായി മാറിക്കഴിഞ്ഞു. അവനെപ്പോലെ നിരവധി പേരുണ്ടിവിടെ. അലിയാണതിന്‍െറ യാഥാര്‍ഥ്യം. ചോരപ്പുഴയൊഴുകുന്ന ഇവിടെനിന്നുള്ള ഒരു കഥയും ശുഭപര്യവസാനിയായിത്തീരുന്നില്ല’.

അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ 15,000ത്തിലേറെ കുട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോരാട്ടം രൂക്ഷമായ അലപ്പോയില്‍ 300ലേറെ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.