തമിഴ് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് ശ്രീലങ്കയില്‍ ബന്ദ്

കൊളംബോ: മുഴുവന്‍ രാഷ്ട്രീയത്തടവുകാരെയും സര്‍ക്കാര്‍ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് ശ്രീലങ്കയിലെ വടക്ക്, കിഴക്ക് പ്രവിശ്യകളില്‍ പ്രമുഖ തമിഴ് പാര്‍ട്ടിയായ ടി.എന്‍.എയുടെ നേതൃത്വത്തില്‍ ബന്ദ് നടത്തി. ഭീകരവിരുദ്ധ നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മേഖലയിലെ സാധാരണജീവിതം ബന്ദ് തടസ്സപ്പെടുത്തി. ജാഫ്ന ഉള്‍പ്പെടെ നഗരമേഖലകളെയാണ് ബന്ദ് ഏറ്റവുമധികം ബാധിച്ചത്. പൊതുഗതാഗതം മുടങ്ങി. സ്കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു.

നവംബര്‍ ഏഴിനകം മുഴുവന്‍ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉറപ്പുപാലിച്ചില്ളെന്ന് ആരോപിച്ചാണ് തമിഴ് സംഘടനകള്‍ സമരത്തിനിറങ്ങിയത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധകാലത്ത് നടപ്പാക്കിയതാണ് ഭീകരവിരുദ്ധ നിയമം (പി.ടി.എ). ഈ നിയമം പിന്‍വലിക്കണമെന്നും തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടു. പൊതുമാപ്പിന്‍െറ അടിസ്ഥാനത്തില്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന നൂറിലധികം തമിഴ് രാഷ്ട്രീയത്തടവുകാര്‍ കഴിഞ്ഞമാസം നിരാഹാരസമരം നടത്തിയിരുന്നു. എന്നാല്‍, പൊതുമാപ്പ് നല്‍കുക സാധ്യമല്ളെന്നും ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്നുമായിരുന്നു സര്‍ക്കാറിന്‍െറ വാദം.

എല്‍.ടി.ടി.ഇയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇവരില്‍ 30ഓളം പേര്‍ക്ക് വ്യാഴാഴ്ച സോപാധികജാമ്യം അനുവദിച്ചിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് വടക്കന്‍പ്രവിശ്യാ മുഖ്യമന്ത്രി സി.വി. വിഘ്നേശ്വരന്‍ വ്യാഴാഴ്ച പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി കൂടിക്കാഴ്ച നടത്തി. തന്‍െറ നേരിട്ടുള്ള ഇടപെടല്‍ സാധ്യമല്ളെങ്കിലും തടവുകാരെ മോചിപ്പിക്കാന്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാമെന്ന് പ്രസിഡന്‍റ് അറിയിച്ചു. കുറ്റംചുമത്താതെ നൂറുകണക്കിന് തമിഴ് രാഷ്ട്രീയത്തടവുകാരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് തമിഴ് സംഘടനകള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.