ലാഹോര്‍: ഇന്ത്യയുമായുള്ള കച്ചവടബന്ധങ്ങള്‍ പാക് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന ധാരണ തനിക്കില്ളെന്ന് ഇന്ത്യയിലെ മുന്‍ പാക് ഹൈകമീഷണര്‍ അസീസ് അഹ്മദ് ഖാന്‍. വ്യാപാരബന്ധങ്ങള്‍ വിപുലീകരിക്കുന്നത് ഉഭയകക്ഷി സംഘര്‍ഷം ലഘൂകരിക്കാന്‍ അത്യധികം ഉതകുമെന്നും ഇന്ത്യ-പാക് ബന്ധങ്ങളെ ആധാരമാക്കി ലാഹോറില്‍ സംഘടിപ്പിച്ച വട്ടമേശചര്‍ച്ചയില്‍ അഹ്മദ് ഖാന്‍ വ്യക്തമാക്കി.
ഇന്ത്യയുമായി കച്ചവടം വിപുലീകരിക്കപ്പെടുന്നത് പാക് സമ്പദ്ഘടനക്ക് തിരിച്ചടിയാകുമെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ആ നിഗമനം ശരിയല്ല. മറ്റൊരു അയല്‍രാജ്യമായ ചൈനയുമായി നടന്നുവരുന്ന വ്യാപാരം അത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഉല്‍പന്നങ്ങളുടെ പട്ടിക പാകിസ്താന്‍ തയാറാക്കിവരുകയാണ്. ഊഫയില്‍ പ്രധാനമന്ത്രിമാരായ നവാസ് ശരീഫും മോദിയും കൂടിക്കാഴ്ച നടത്തിയെങ്കിലും ഉഭയകക്ഷി സംഭാഷണപാതയില്‍ പുതിയ വിഘ്നങ്ങള്‍ വന്നുചേര്‍ന്നു. കശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളെ കാണാന്‍ അനുമതിവേണമെന്ന പാക് നിര്‍ദേശം മോദിസര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് സംഭാഷണസാധ്യതയുടെ വാതിലുകള്‍ അടഞ്ഞത്. ഇന്ത്യ സന്ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഹുര്‍റിയത്ത് വൃത്തങ്ങളുമായി പാക് പ്രതിനിധികള്‍ നടത്തുന്ന സംഭാഷണം പതിവുരീതി മാത്രമാണെന്നും ഖാന്‍ വിശദീകരിച്ചു. മോദി അധികാരമേറ്റതോടെ ഉഭയകക്ഷിബന്ധങ്ങള്‍ കൂടുതല്‍ വഷളായിരുന്നു. കശ്മീര്‍, സിയാചിന്‍, സര്‍ക്രീക് തുടങ്ങിയ തര്‍ക്കങ്ങളാണ് ഉഭയകക്ഷിബന്ധങ്ങളില്‍ വിള്ളല്‍വീഴ്ത്തുന്ന പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മോദി പാകിസ്താനില്‍ നടത്തിയ മിന്നല്‍സന്ദര്‍ശനം ഉഭയകക്ഷിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമായ നടപടിയാണെന്ന് പാകിസ്താന്‍ സ്റ്റഡി സെന്‍ററിലെ പ്രഫസര്‍ മസര്‍റത്ത് ആബിദ് വിലയിരുത്തി.മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ പാകിസ്താന്‍ അത്യധികം ആഗ്രഹിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. എന്നാല്‍, ഇന്ത്യന്‍ അധികാരവാഞ്ഛയുടെ നിഴലിലാകരുത് ഇത്തരം സമാധാനപ്രക്രിയകള്‍ എന്നും ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.