ഇന്ത്യയിലെ എൽ.പി.ജി പ്രതിസന്ധി കാലിഫോർണിയയിലെ ഇന്ധനവില വർധനവിന് കാരണമാകുമ്പോൾ

കാലിഫോർണിയ: ആഗോള ഊർജ വിപണി സമീപവർഷങ്ങളിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ എൽ.പി.ജി ക്ഷാമവും കാലിഫോർണിയയിലെ റെക്കോർഡ് പെട്രോൾ വിലവർധനയും ഒരേ ആഗോള പ്രതിസന്ധിയുടെ ഫലമാണെന്നതാണ് ഇപ്പോഴത്തെ വിചിത്ര സാഹചര്യം.

യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം തടസപ്പെടുകയും ആഗോളതലത്തിൽ ഇന്ധന വിതരണം കുറയുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടന്നിരുന്ന ഈ ജലപാത അടഞ്ഞതോടെ, വിവിധ രാജ്യങ്ങൾക്ക് തങ്ങളുടെ കരുതൽ ശേഖരത്തെയും ബദൽ വിതരണ മാർഗങ്ങളെയും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. വീടുകളിലെ പാചക ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പെട്രോളിയം വാതകത്തെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രതിസന്ധിക്ക് മുമ്പ് ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനത്തിലധികവും പശ്ചിമേഷ്യയിൽ നിന്നായിരുന്നു.

ആഭ്യന്തര വിതരണം സുരക്ഷിതമാക്കാൻ എൽ.പി.ജി ഉൽപ്പാദനം പരമാവധി വർധിപ്പിക്കാൻ സർക്കാർ റിഫൈനറികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഈ മാറ്റത്തിന് വലിയ വില നൽകേണ്ടി വരുന്നുണ്ട്. എൽ.പി.ജി ഉൽപ്പാദനം കൂട്ടാൻ വേണ്ടി റിഫൈനറികൾ ആൽക്കിലേറ്റുകളുടെ ഉത്പാദനം കുറച്ചു. പെട്രോളിന്റെ ഗുണനിലവാരം കൂട്ടാനും പുക മലിനീകരണം കുറക്കാനും ഉപയോഗിക്കുന്ന പ്രധാന ഘടകമാണിത്. കർശനമായ പരിസ്ഥിതി നിയമങ്ങളുള്ള കാലിഫോർണിയ ഉൾപ്പെടെയുള്ള  ആഗോള പെട്രോൾ വിപണിയിൽ ഈ ഘടകത്തിന് വലിയ ആവശ്യക്കാരുണ്ട്.

ആൽക്കിലേറ്റുകളുടെ ഉൽപ്പാദനം കുറഞ്ഞത് യു.എസിലെ ഇന്ധന വിപണിയിലെ സമ്മർദം ഇരട്ടിയാക്കി. നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില നൽകുന്ന കാലിഫോർണിയയിലെ വാഹന ഉടമകൾക്ക് ഈ ഇന്ധന ഘടകത്തിന്റെ കുറവ് മൂലം വീണ്ടും വിലക്കയറ്റം നേരിടേണ്ടി വരികയാണ്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എന്നാൽ ഉടനടി ഒരു ക്ഷാമം പ്രതീക്ഷിക്കുന്നില്ലെന്നും കാലിഫോർണിയ എനർജി കമീഷൻ വക്താക്കൾ അറിയിച്ചെങ്കിലും യാത്രാ സീസണിൽ വിലക്കയറ്റ സമ്മർദം ശക്തമായേക്കാമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

'ഗ്യാസ്ബഡ്ഡി' ഡാറ്റ പ്രകാരം, കാലിഫോർണിയയിലെ ശരാശരി പെട്രോൾ വില നിലവിൽ ഗാലന് 6 ഡോളറിന് മുകളിലാണ്. വിതരണത്തിലെ ഈ കുറവ് തുടർന്നാൽ വില ഇനിയും ഉയർന്നേക്കും. ആൽക്കിലേറ്റുകളുടെ കുറവ് എത്രത്തോളം രൂക്ഷമാകുന്നുവോ, അത്രത്തോളം കാലിഫോർണിയയിലെ വിലയും ഉയർന്നേക്കാമെന്നാണ് ഗ്യാസ് സബ്സിഡ് അനലിസ്റ്റ് പാട്രിക് ഡി ഹാൻ മുന്നിയിപ്പ് നൽകുന്നത്.

Tags:    
News Summary - As India's LPG crisis causes fuel prices to rise in California

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.