തെഹ്റാന്‍: ഇറാന്‍റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണാനന്തര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖാംനഈ പങ്കെടുത്തേക്കില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല ഹക്കീം ഇലാഹി. ഖാംനഈയുടെ മരണാനന്തരചടങ്ങുകളിൽ മൊജ്തബ ഖാംനഈ പങ്കെടുക്കമോ എന്ന ചോദ്യങ്ങൾക്കിടയിലാണ് ഹക്കീം ഇലാഹിയുടെ പ്രസ്താവന. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
`ഞാൻ കഴിഞ്ഞ ആഴ്ച ഇറാനിലായിരുന്നു. അദ്ദേഹത്തെ കണ്ട എന്റെ സുഹൃത്തുക്കളുമായി ഞാന്‍ കൂടികാഴ്ച നടത്തിയിരുന്നു. പൊതുജനങ്ങളെ കാണാനും പുറത്തിറങ്ങാനും അദ്ദേഹത്തിന് ആഗ്രഹമുണ്ട്. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ അതിന് അനുവദിക്കുന്നില്ല. അത് വളരെ അപകടകരമാണെന്നും അദ്ദേഹത്തിന് വേണ്ട സുരക്ഷ നൽകാൻ കഴിയില്ലെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ അദ്ദേഹം പുറത്തുവരില്ലെന്നാണ് ഞാൻ കരുതുന്നത്' ഇലാഹി കൂട്ടിച്ചേർത്തു. പരമോന്നത നേതാവിന്റെ മരണത്തെത്തുടർന്ന് രാജ്യം വലിയ ദുഃഖത്തിലാണെന്നും അദ്ദേഹത്തിന്റെ അനുയായികൾ ഈ നഷ്ടം നികത്താനാവാത്തതാണെന്ന് കരുതുന്നുവെന്നും ഇലാഹി പറഞ്ഞു. `ഇതവർക്ക് വളരെ വലിയൊരു നഷ്ടമാണ്. അവരുടെ ആത്മാവും ഊർജ്ജവും നഷ്ടപ്പെട്ടുവെന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തിന് പകരമായി മറ്റൊന്നുമില്ലെന്ന് അവർ വിശ്വസിക്കുന്നു' അദ്ദേഹം പറഞ്ഞു.
ഖാംനഈയുടെ സംസ്കാരച്ചടങ്ങുകൾ ശനിയാഴ്ച ആരംഭിക്കാനിരിക്കെ, കനത്ത ഭീഷണിയുമായി ഇറാൻ രംഗത്തെത്തി. ചടങ്ങുകൾ അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28ന് നടന്ന യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായ ആക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ശനിയാഴ്ച തെഹ്‌റാനിൽ ആരംഭിച്ച് ജൂലൈ ഒമ്പതിന് മഷാദിൽ സമാപിക്കുന്ന രീതിയിലാണ് സംസ്കാരച്ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 15 മുതൽ 20 ദശലക്ഷം വരെ ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചടങ്ങ് ഇറാൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംസ്കാരച്ചടങ്ങായി മാറുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇറാൻ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംഈയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ചരിത്രത്താളുകളിൽ ഇടംപിടിക്കാൻ മുഴുവൻ ഇറാനിയൻ ജനതയോടും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ആഹ്വാനം ചെയ്തു. ‘രാജ്യത്തിന്റെ പ്രതികാരത്തിനായുള്ള ആഹ്വാനം ലോകമെങ്ങും മുഴങ്ങണം’-അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തെഹ്‌റാനിൽ പൊതു-സ്വകാര്യ ഓഫിസുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.