ജറുസലേം: 1948ന് മുമ്പ് ഫലസ്തീനികളുടെ ഉടമസ്ഥതയിലായിരുന്ന വെസ്റ്റ് ജറുസലേമിലെ ഭൂമിയിൽ സ്ഥിരം യു.എസ് എംബസി നിർമിക്കാൻ ഇസ്രായേലും അമേരിക്കയും കരാറൊപ്പിട്ടു. അന്താരാഷ്ട്ര നിയമങ്ങളെയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെയും പാടെ അവഗണിച്ചുകൊണ്ടാണ് അമേരിക്കയുടെ ഈ നടപടി.
99 വർഷത്തേക്കാണ് ഭൂമി പാട്ടത്തിനെടുക്കുന്നത്. ഇതിനായി അമേരിക്ക ഇസ്രായേലിന് നൽകുന്നത് വെറും ഒരു ഡോളർ മാത്രം. യു.എസ് അംബാസഡർ മൈക്ക് ഹക്കബിയാണ് കരാർ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
2017 ഡിസംബറിൽ തന്റെ ആദ്യ ഭരണകാലത്താണ് തെൽ അവീവിൽനിന്ന് യു.എസ് എംബസി ജറുസലേമിലേക്ക് മാറ്റാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടത്. ജറുസലേമിന്റെ പദവിയെക്കുറിച്ചുള്ള ആഗോള സമവായത്തെ അട്ടിമറിക്കുന്നതായിരുന്നു ഈ തീരുമാനം. വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കിടയാക്കിയ ഈ നടപടിക്ക് പിന്നാലെ, ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ എംബസികൾ തെൽ അവീവിൽ തന്നെ നിലനിർത്തുകയാണ് ചെയ്തത്.
അതേസമയം, എംബസി നിർമിക്കാൻ അനുവദിച്ച ഭൂമി 1950-ലെ ഇസ്രായേലിന്റെ ‘അബ്സെന്റീസ് പ്രോപ്പർട്ടി ലോ’ പ്രകാരം ഫലസ്തീനികളിൽ നിന്ന് ബലമായി പിടിച്ചെടുത്തതാണെന്ന് ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ ‘അദാല’ 2022-ൽ തന്നെ വ്യക്തമാക്കിയിരുന്നു.
സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് നിരോധിക്കുന്ന ഹേഗ് റെഗുലേഷൻസിലെ 46ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഈ നടപടിയെന്ന് അദാല ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.