ഗസ്സ സിറ്റി: ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ പ്രതികരണവും ഐക്യദാർഢ്യവുമായി ഹോളിവുഡിലെ പ്രമുഖ നീടനടൻമാർ. ഗസ്സയുടെ ദുരവസ്ഥ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്ന സന്ദേശം പ്രമുഖ സ്പാനിഷ് നടനും ഓസ്കാർ ജേതാവുമായ ജാവിയർ ബർദെം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. സഹായം തടസ്സപ്പെടുത്തുന്നത് ഇസ്രായേലിന്റെ സിവിലിയന്മാർക്കെതിരായ തുടർച്ചയായ ആക്രമണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
നടിയും ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ മുൻ പ്രത്യേക പ്രതിനിധിയുമായ ആഞ്ചലീന ജോളി വെള്ളിയാഴ്ച റാഫ ക്രോസിങ് സന്ദർശിച്ചു. ഈജിപ്തിലേക്കുള്ള മാനുഷിക യാത്രയുടെ ഭാഗമായിരുന്നു ഈ സന്ദർശനം.
ഇസ്രായേൽ മനുഷ്യാവകാശ സംഘടനയായ ‘ബി സെലെമി’ന്റെ ഗ്രാഫിക് ഉൾപ്പെടുത്തിയ ജാവിയറിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു: ‘വംശഹത്യ അവസാനിച്ചിട്ടില്ല. ഗസ്സയിൽ നിന്നുള്ള സഹായ സംഘടനകളെ വിലക്കുന്നത് ഇസ്രായേൽ അവിടത്തെ സിവിലിയൻ ജനതക്കെതിരായ തുടർച്ചയായ ആക്രമണത്തിന്റെ ഭാഗമാണ്’ എന്നായിരുന്നു അത്.
പോസ്റ്റ് അതിവേഗം ഓൺലൈനിൽ പ്രചരിച്ചു. അന്താരാഷ്ട്ര പ്രേക്ഷകരിൽ നിന്ന് ശ്രദ്ധ ആകർഷിക്കുകയും ഗസ്സ മുനമ്പിൽ മാനുഷിക സഹായം ലഭ്യമാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ആക്കം കൂട്ടുകയും ചെയ്തു.
ഗസ്സ സഹായ സംഘങ്ങൾ ഇസ്രായേലി സസ്‌പെൻഷൻ നേരിടുന്ന സാഹചര്യത്തിലാണ് ആഞ്ചലീന ജോളിയുടെ റഫ ക്രോസിങ് സന്ദർശനം. ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിലെ നിയന്ത്രണങ്ങൾ മറികടക്കാൻ പാടുപെടുന്ന സഹായ ഏജൻസികളുമായി സംസാരിച്ചതായി ആഞ്ചലീന പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ മുനമ്പിൽ പ്രവർത്തിക്കുന്ന ഡസൻ കണക്കിന് സഹായ സംഘടനകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ച സമയത്താണ് അവരുടെ സന്ദർശനം.
ഗസ്സയിലെ കുട്ടികൾ നേരിടുന്ന കഠിന യാഥാർഥ്യങ്ങൾ ചിത്രീകരിക്കുന്ന വിഡിയോ കണ്ട് ഹോളിവുഡ് നടനും ആയോധനകല താരവുമായ ജാക്കി ചാൻ കണ്ണു കരഞ്ഞുവെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഡിയോയിൽ ഒരു കുട്ടി ചോദിക്കുന്നു. ‘നീ വലുതാകുമ്പോൾ എന്തു ചെയ്യും? ഇവിടുത്തെ കുട്ടികൾ ഒരിക്കലും വളരില്ല’. എന്ന ലളിതവും എന്നാൽ ഹൃദയഭേദകവുമായ മറുപടി കേട്ടപ്പോൾ തന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ചാടിയതായും മേഖലയിലെ കുട്ടികൾ അനുഭവിക്കുന്ന ദൈനംദിന കഷ്ടപ്പാടുകൾ അതെന്നെ ഓർമിപ്പിച്ചതായും ജാക്കി ചാൻ പറഞ്ഞു.
കുട്ടിയുടെ വാക്കുകൾ തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചുവെന്നും സഹാനുഭൂതിയും ദുഃഖവും ഉണർത്തിയെന്നും നടൻ പറഞ്ഞു. ഗസ്സയിലെ കുട്ടികളുടെ അവകാശങ്ങളെയും അവരുടെ സംരക്ഷണത്തെയും കുറിച്ച് അവബോധം വളർത്താൻ ലോകമെമ്പാടുമുള്ള ആളുകളോട് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.