വിലക്കിയ രാജ്യങ്ങളില്‍ നാലിടത്തും അമേരിക്ക ബോംബിടുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് പ്രവേശനം വിലക്കിയ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നാലും യു.എസ് സൈന്യത്തിന്‍െറ ആക്രമണത്തില്‍. വിലക്കിയ ഇറാഖ്, സിറിയ, ലിബിയ, യമന്‍, ഇറാന്‍, സുഡാന്‍, സോമാലിയ എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ നാലിലുമാണ് അമേരിക്ക ബോംബുവര്‍ഷം നടത്തിക്കൊണ്ടിരിക്കുന്നത്. സോമാലിയയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍വരെ വ്യോമാക്രമണം നടത്തുകയുമുണ്ടായി. അമേരിക്കക്കുകൂടി പങ്കാളിത്തമുള്ള സൈനിക ഇടപെടലിന്‍െറ ഫലമായാണ് ഇറാന്‍, സുഡാന്‍ എന്നിവയൊഴികെയുള്ള രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളുണ്ടാകുന്നത്.

ഇറാഖില്‍ മൂസില്‍ പട്ടണം ഐ.എസില്‍നിന്ന് മോചിപ്പിക്കുന്നതിനാണ് യു.എസ് സൈന്യം ഇപ്പോള്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാഖ് സേന, കുര്‍ദിഷ് സേന, ശിയാ മിലീഷ്യ എന്നിവക്ക് വ്യോമാക്രമണങ്ങളിലൂടെ സഹായം നല്‍കുകയാണ് അമേരിക്ക. ഇതിലൂടെ ഐ.എസിനെ പലഭാഗങ്ങളില്‍നിന്നും തുരത്താന്‍ സാധ്യമായിട്ടുണ്ടെങ്കിലും നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മൂസില്‍ പട്ടണത്തിന്‍െറ പടിഞ്ഞാറുഭാഗം ഇപ്പോഴും ഐ.എസ് നിയന്ത്രണത്തിലാണ്. ആക്രമണം തുടങ്ങിയശേഷം ഇവിടെ മാത്രം നാല്‍പതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. 

രൂക്ഷമായ ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിലും അമേരിക്കന്‍ സൈന്യം ആക്രമണം തുടരുകയാണ്. ബശ്ശാര്‍ സേനയെ പിന്തുണച്ച് ഒരുവശത്ത് റഷ്യയും വിമതരെ പിന്തുണച്ച് മറുവശത്ത് അമേരിക്കയും രംഗത്തുവന്നതോടെയാണ് ഇവിടെ യുദ്ധം രൂക്ഷമായത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും അഭയാര്‍ഥികളാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്ത് ഏറ്റവുമധികം അഭയാര്‍ഥികളുണ്ടായ രാജ്യമാണ് സിറിയ.

ലിബിയയിലെ സിര്‍ത്തില്‍ ഐ.എസ് കേന്ദ്രത്തിനുനേരെ അമേരിക്ക ആക്രമണം നടത്തിയത് ഈയടുത്തായിരുന്നു. മുന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയെ വധിച്ചശേഷമുണ്ടായ ലിബിയന്‍ യുദ്ധത്തില്‍ പ്രത്യക്ഷത്തില്‍തന്നെ അമേരിക്കന്‍ സൈന്യം ഇടപെടുന്നുണ്ട്. നിരവധി സിവിലിയന്മാരാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെടുകയും അഭയാര്‍ഥികളാവുകയും ചെയ്തത്. 

യമനില്‍ അല്‍ഖാഇദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതായി അവകാശപ്പെട്ടാണ് അമേരിക്ക ബോംബുവര്‍ഷം നടത്തുന്നത്. ഹൂതി വിമതരും മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും തമ്മില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തിലും അമേരിക്കയുടെ കൈയുണ്ട്. ട്രംപ് അധികാരത്തിലേറിയശേഷവും അല്‍ഖാഇദ കേന്ദ്രങ്ങള്‍ ആക്രമിച്ച് നിരവധി പേരെ വധിച്ചതായി യു.എസ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ പതിനായിരത്തിലധികം സിവിലിയന്മാര്‍ യമനില്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്ക്. അഭയാര്‍ഥികളായവരുടെ എണ്ണം ഇതിലേറെ വരും. കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് എന്ന സംഘടനയുടെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷംമാത്രം സിറിയയില്‍ 12,190ഉം ഇറാഖില്‍ 12,100ഉം ബോംബുകള്‍ അമേരിക്ക വര്‍ഷിച്ചിട്ടുണ്ട്. 

അതേസമയം, അമേരിക്കയിലത്തെുന്ന അഭയാര്‍ഥികളില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ളവരെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ അഭയാര്‍ഥികളില്‍ രണ്ടുശതമാനം മാത്രമാണ് ഈ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവരെന്നാണ് യു.എസ് ഇമിഗ്രന്‍റ് പോപുലേഷന്‍െറ കണക്ക്. ഇവരില്‍ ഇറാനില്‍നിന്നും ഇറാഖില്‍നിന്നുമുള്ളവരാണ് കൂടുതലുള്ളത്.

Tags:    
News Summary - us bombs on banned countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.