ഏഷ്യ-പസഫിക് വ്യാപാര കരാറില്‍നിന്ന് പിന്‍വാങ്ങുമെന്ന് ട്രംപ്

വാഷിങ്ടണ്‍: പ്രസിഡന്‍റായി അധികാരമേറ്റ ആദ്യ ദിവസം തന്നെ ഏഷ്യ-പസഫിക് പാര്‍ട്ണര്‍ഷിപ് വ്യാപാര കരാറില്‍ (ടി.പി.പി) നിന്ന് യു.എസ് പിന്‍വാങ്ങുമെന്ന് ഡോണള്‍ഡ് ട്രംപ്.  വൈറ്റ്ഹൗസിലെ 100 ദിന കര്‍മപരിപാടികളെക്കുറിച്ച്  വിശദീകരിക്കുന്ന വിഡിയോ സന്ദേശം വഴിയാണ് ട്രംപിന്‍െറ പ്രഖ്യാപനം.    
പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വ്യവസായത്തെ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്ന ഉഭയകക്ഷി വ്യാപാര ബന്ധങ്ങളിലേര്‍പ്പെടും. അമേരിക്കയെ സംബന്ധിച്ചിടത്തോളം ദുരന്തമാണീ കരാറെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഒബാമ കെയറിനെയോ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനെ കുറിച്ചോ പരാമര്‍ശിച്ചില്ല.

യു.എസില്ലാത്ത വ്യാപാരകരാര്‍ അര്‍ഥരഹിതമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ട്രംപിനെ കാണാന്‍ യു.എസിലത്തെിയ പ്രധാന അജണ്ടയും ഈ കരാര്‍ ആയിരുന്നു. പസഫിക് സമുദ്രത്തിനടുത്തുള്ള ചൈനയൊഴികെ 12 രാജ്യങ്ങള്‍ ഒപ്പുവെച്ച  വ്യാപാരകരാറാണിത്. ഏഴുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 2016 ഫെബ്രുവരി നാലിനാണ് ഈ രാജ്യങ്ങള്‍ അന്തിമ കരാറില്‍ ഒപ്പുവെച്ചത്. ബ്രൂണൈ, ചിലി, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, പെറു, മെക്സികോ, വിയറ്റ്നാം, മലേഷ്യ, ജപ്പാന്‍, കാനഡ, ആസ്ട്രേലിയ, യു.എസ് എന്നിവയാണ് കരാറിലെ അംഗങ്ങള്‍.

മാധ്യമ മേധാവികള്‍ക്ക് ട്രംപിന്‍െറ ശകാരം

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  തന്‍െറ വസതിയായ ട്രംപ് ടവറിലേക്ക് ക്ഷണിച്ചുവരുത്തിയ മാധ്യമമേധാവികളെ കടുത്ത ഭാഷയില്‍ ശകാരിച്ചു. സി.എന്‍.എന്‍, എന്‍.ബി.സി തുടങ്ങിയ പ്രമുഖ മാധ്യമമേധാവികളെയാണ് തിങ്കളഴാഴ്ച വിളിച്ചുവരുത്തി അപമാനിച്ചത്.
അധികാരമേറ്റെടുക്കുമ്പോള്‍, മാധ്യമങ്ങളുടെ സഹകരണം ആവശ്യപ്പെടാനാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചതെന്ന് കരുതിയാണ് മാധ്യമപ്രവര്‍ത്തകര്‍ പോയത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തനിക്കെതിരെ നിലപാടെടുത്ത മാധ്യമങ്ങളോടുള്ള പകതീര്‍ക്കലാണ് യോഗത്തിലുണ്ടായത്.

സി.എന്‍.എന്‍ മേധാവി ജെഫ് സുക്കറെ പേരെടുത്ത് വിളിച്ച  ട്രംപ്, സി.എന്‍.എന്നില്‍ എല്ലാവരും നുണയന്മാരാണെന്നും നിങ്ങള്‍ നാണിക്കണമെന്നും പറഞ്ഞു.ട്രംപ് ഭരണകൂടത്തില്‍ നിര്‍വഹിക്കേണ്ട പങ്കിനെക്കുറിച്ച് ചര്‍ച്ചക്കാണ് പോയതെങ്കിലും ട്രംപ്് ശൈലിയിലെ വസ്ത്രാക്ഷേപമാണ് അവിടെ നടന്നതെന്നും മാധ്യമമേധാവികള്‍ പ്രതികരിച്ചു. ‘യോഗത്തിലുടനീളം ട്രംപ് മാത്രമാണ് സംസാരിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യത്തിനും പ്രതികരണത്തിനും അവസരം നല്‍കിയില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. രഹസ്യസ്വഭാവത്തില്‍ നടന്ന കൂടിക്കാഴ്ച തീര്‍ത്തും പരാജയമായിരുന്നുവെന്ന് മാധ്യമമേധാവികള്‍ പറഞ്ഞു.

 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.